ഹമാസ് നേതാവ് ഹനിയ്യ ഉന്നതതല സംഘത്തോടൊപ്പം റഷ്യയില്‍; ലക്ഷ്യമിടുന്നത് ഇക്കാര്യങ്ങള്‍...

യുക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടികള്‍ക്കിടെ ഇസ്രായേല്‍ കീവിനെ പിന്തുണച്ചതും റഷ്യ സൈനികതാവളം പരിപാലിക്കുന്ന സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതും മോസ്‌കോയും തെല്‍ അവീവും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹമാസ് നേതാക്കളുടെ സന്ദര്‍ശനത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Update: 2022-09-12 07:08 GMT
മോസ്‌കോ: ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായില്‍ ഹനിയ്യ ശനിയാഴ്ച മോസ്‌കോയിലെത്തി വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഉള്‍പ്പെടെയുള്ള റഷ്യന്‍ ഉദ്യോഗസ്ഥരുമായി ഉന്നതതല രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തി. ഹമാസ് ഉപമേധാവി സാലിഹ് അരൂരി, രാഷ്ട്രീയ വിഭാഗം അംഗങ്ങളായ മൂസ അബു മര്‍സൂഖ്, മഹര്‍ സലാ എന്നിവരും ഹനിയ്യയെ അനുഗമിച്ചതായി ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.


കൂടിക്കാഴ്ചയുടെ വിഷയങ്ങള്‍

പരസ്പര ബന്ധത്തെക്കുറിച്ചും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് റഷ്യന്‍ സന്ദര്‍ശനത്തിന് മോസ്‌കോ പ്രസ്ഥാനത്തെ ക്ഷണിച്ചതെന്ന് ഹമാസ് അറിയിച്ചു.

അധിനിവേശ ജറുസലേമിലെ അല്‍അഖ്‌സ മസ്ജിദിനെ ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമിടെ അബു മര്‍സൂഖിന്റെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം കഴിഞ്ഞ മെയ് മാസത്തില്‍ മോസ്‌കോ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയാണ് പുതിയ സന്ദര്‍ശനം. ഹമാസും ഫതഹും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങളെ സഹായിക്കുന്നതിനായി 2020 മാര്‍ച്ചില്‍ ഇരുപക്ഷത്തിനും മോസ്‌കോ ആതിഥേയത്വം വഹിച്ചിരുന്നു.

ഇസ്രായേല്‍ റഷ്യ ബന്ധത്തിലെ വിള്ളല്‍

യുക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടികള്‍ക്കിടെ ഇസ്രായേല്‍ കീവിനെ പിന്തുണച്ചതും റഷ്യ സൈനികതാവളം പരിപാലിക്കുന്ന സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതും മോസ്‌കോയും തെല്‍ അവീവും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹമാസ് നേതാക്കളുടെ സന്ദര്‍ശനത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഹമാസ് ഭരിക്കുന്ന ഗസയില്‍ ഇസ്രായേല്‍ സൈനിക അധിനിവേശം നടത്തി ഒരു മാസത്തിന് ശേഷമാണ് സന്ദര്‍ശനമെന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.

മെയില്‍ യുഎന്‍ മനുഷ്യാവകാശ സമിതിയില്‍നിന്ന് മോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്യാന്‍ വോട്ട് ചെയ്ത തന്റെ രാജ്യത്തിന്റെ നടപടിയെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് ന്യായീകരിച്ചതിന് പിന്നാലെ ഇസ്രായേലിന്റെ 'റഷ്യന്‍ വിരുദ്ധ' പരാമര്‍ശങ്ങളെ മോസ്‌കോ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ലാപിഡിന്റെ പ്രസ്താവനയെ 'ഖേദകരം' എന്ന് വിശേഷിപ്പിക്കുകയും ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ യുക്രെയ്ന്‍ സംഘര്‍ഷത്തെ ഇസ്രായേല്‍ ഉപയോഗിക്കുന്നുവെന്നും മോസ്‌കോ ആരോപിച്ചിരുന്നു.

Tags:    

Similar News