ഗസാ സിറ്റിയില്‍ ഭരണം പുനസ്ഥാപിച്ച് ഹമാസ്; ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍
ഗസാ സിറ്റി: ഇസ്രായേല്‍ സൈന്യം തകര്‍ത്തെറിഞ്ഞ ഗസ സിറ്റിയില്‍ വീണ്ടും ഹമാസ് ഭരണം ഏറ്റെടുത്തതായി റിപോര്‍ട്ട്. കനത്ത തിരിച്ചടിയുണ്ടായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ഇസ്രായേല്‍ സൈന്യത്തെ വന്‍തോതില്‍ പിന്‍വലിച്ച പ്രദേശങ്ങളിലാണ് ഹമാസ് അധികാരം പുനരാരംഭിച്ചത്. പോലിസ് ഉദ്യോഗസ്ഥരെയും മുനിസിപ്പല്‍-സര്‍ക്കാര്‍ ജീവനക്കാരെയും വിന്യസിക്കുകയും ശമ്പളം വിതരണം ചെയ്യുകയും ചെയ്തതായാണ് റിപോര്‍ട്ട്. ഇസ്രായേല്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴിന്റെ തൂഫാനുല്‍ അഖ്‌സയ്ക്കു പിന്നാലെ വ്യോമ-കരയുദ്ധത്തിലൂടെ കാല്‍ ലക്ഷത്തിലേറെ പേരെ കൊന്നൊടുക്കുകയും ഗസയെ സമ്പൂര്‍ണമായി തകര്‍ത്തെറിയുകയും ചെയ്തിട്ടും ഹമാസ് വീണ്ടും ഭരണം കൈകാര്യം ചെയ്യുന്നുവെന്ന റിപോര്‍ട്ട് നെതന്യാഹു സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ അതിമാരകമായ ആക്രമണങ്ങള്‍ കൊണ്ടും ഹമാസിനെ പോറലേറ്റിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഗസയിലെ ഏറ്റവും വലിയ നഗരമായ ഗസാ സിറ്റിയില്‍ തന്നെ ഇത്രവേഗം ഭരണം കൈയാളിയെന്നത് ഹമാസിന്റെ പ്രതിരോധത്തിന്റെ ശക്തിയാണ് വെളിപ്പെടുത്തുന്നത്.
Full View
2007 മുതല്‍ ഗസ ഭരിക്കുന്ന ഹമാസിനെ തകര്‍ക്കുമെന്നായിരുന്നു യുദ്ധത്തിന്റെ പ്രധാനലക്ഷ്യമായി ഇസ്രായേല്‍ പറഞ്ഞിരുന്നത്. എന്നാല്‍, പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാതെ നാലു മാസം പിന്നിടുമ്പോള്‍ വെടിനിര്‍ത്തലിനു വേണ്ടി ഇസ്രായേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാഴ്ചയാണ് കാണുന്നത്. ബന്ദിമോചനത്തിനു വേണ്ടി താല്‍ക്കാലിക വെടിനിര്‍ത്തലിന് ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ ശ്രമം നടത്തിയെങ്കിലും ഇസ്രായേല്‍ സൈന്യം സമ്പൂര്‍ണമായും പിന്‍വാങ്ങാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹമാസിന്റെ നിലപാട്. ഇതിനിടെ, കൂട്ടത്തോടെ സൈനികര്‍ കൊല്ലപ്പെടുന്നതില്‍ ഇസ്രായേലില്‍ പ്രതിഷേധം ശക്തമായതോടെ ചില മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലവിച്ചിരുന്നു. മാത്രമല്ല, സൈന്യവും ഇസ്രായേല്‍ ഭരണകൂടവും തമ്മില്‍ യുദ്ധം നീളുന്നത് സംബന്ധിച്ച് പോര് നിലനില്‍ക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. സൈനികരെ പിന്‍വലിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഗസാ സിറ്റിയില്‍ ഹമാസ് വീണ്ടും ഭരണം നടത്തുന്നതായി അസോഷ്യേറ്റഡ് പ്രസും ഇസ്രായേലിലെ പ്രമുഖ പത്രങ്ങളായ ഹാരെറ്റ്‌സും ടൈംസ് ഓഫ് ഇസ്രായേലും സ്ഥിരീകരിച്ചത്. ഗസ സിറ്റിയിലെ ഏതാനും പേര്‍ക്ക് ഹമാസ് ശമ്പളം വിതരണം ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഗസ സിറ്റിയിലെ അല്‍ഷിഫ ആശുപത്രിക്കു സമീപം ഉള്‍പ്പെടെ, പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനും മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സമീപം യൂനിഫോം ധരിച്ച പോലിസ് ഉദ്യോഗസ്ഥരെ വരെ വിന്യസിച്ചതായി ഗസ നിവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. വന്‍തോതില്‍ സൈനികരെ ഇസ്രായേല്‍ പിന്‍വലിച്ച വടക്കന്‍ ഗസയില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലിസിനെ വിന്യസിച്ചതെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ തന്നെ പറഞ്ഞതായി അസോഷ്യേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. പലായനം ചെയ്യാനുള്ള ഇസ്രായേല്‍ ഉത്തരവിനെ തുടര്‍ന്ന് തെക്കന്‍ മേഖലയിലേക്ക് പോവുകയും
താമസക്കാര്‍ ഉപേക്ഷിക്കുകയും ചെയ്ത കടകളും വീടുകളും കൊള്ളയടിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഹമാസ് പോലിസിനെ നിയോഗിച്ചത്. ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങിയ വടക്കന്‍ ഭാഗങ്ങളില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഹമാസ് നേതാക്കള്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഹമാസ് നിയോഗിച്ച പോലിസ് ഉദ്യോഗസ്ഥരും മുനിസിപ്പല്‍ തൊഴിലാളികളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 200 ഡോളര്‍ വീതം ശമ്പളം വിതരണം ചെയ്തതായാണ് റിപോര്‍ട്ടില്‍ പറയുന്നത്. അല്‍ഷിഫ ആശുപത്രിക്കു സമീപത്തെ താല്‍ക്കാലിക ഹമാസ് ഓഫിസില്‍ നിന്ന് തന്റെ കസിന്‍ ശമ്പളം വാങ്ങിയതായി ഗസ സിറ്റിയിലെ താമസക്കാരനായ സയീദ് അബ്ദുല്‍ബാര്‍ പറഞ്ഞു. 17 വര്‍ഷം മുമ്പ് ഗസയില്‍ അധികാരത്തിലെത്തിയ ഹമാസ് സര്‍ക്കാരിനു കീഴില്‍ അധ്യാപകരും ട്രാഫിക് പോലിസുകാരും സിവില്‍ പോലിസും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ജീവനക്കാരാണ് ഭരണം നടത്തുന്നത്. ഒക്ടോബര്‍ എഴിനു ശേഷം ഏകദേശം 10,000 ഹമാസ് പ്രവര്‍ത്തകരെ സൈന്യം വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെടുമ്പോഴും ഹമാസിന് കാര്യമായ പോറലേറ്റിട്ടില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഉള്‍പ്പെടെ ഹമാസിന്റെ താല്‍ക്കാലിക ഓഫിസ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പലതവണ ആക്രമണം നടത്തിയതായി ഗസ സിറ്റി നിവാസിയായ അഹമ്മദ് അബു ഹൈദ്രോസ് പറഞ്ഞു. ഹമാസിന്റെ വടക്കന്‍ ബറ്റാലിയനെ തകര്‍ത്തെന്ന് ഇസ്രായേല്‍ സൈനിക നേതാക്കള്‍ പറഞ്ഞതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് വ്യോമാക്രമണം എന്നതും ശ്രദ്ധേയമാണ്. അതേസമയം, വടക്കന്‍ ഗസയില്‍ സൈനിക സാന്നിധ്യം പുനഃസ്ഥാപിക്കാന്‍ ഹമാസ് ശ്രമിക്കുന്നുവെന്ന റിപോര്‍ട്ട് പുറത്തുവന്നതോടെ വീണ്ടും ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം തയ്യാറെടുക്കുന്നതായി ഇസ്രായേല്‍ ആര്‍മി റേഡിയോ റിപോര്‍ട്ട് ചെയ്തതും ഹമാസിന്റെ തിരിച്ചുവരവ് സ്ഥിരീകരിക്കുന്നതാണ്.