ടെല്‍ അവീവ്: ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെയും ഹമാസ് പോരാളികള്‍ രണ്ട് സ്ത്രീകളെ കൂടി വിട്ടയച്ചു. ബന്ദിയാക്കിയിരുന്ന രണ്ട് വയോധികരെയാണ് മാനുഷിക പരിഗണന നല്‍കി വിട്ടയച്ചതെന്ന് ഹമാസ് അറിയിച്ചു. കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് വിട്ടയച്ചതെന്നും ഇവരുടെ ഭര്‍ത്താക്കന്മാര്‍ നിലവില്‍ തടവിലാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. നേരത്തെയും ഒരു സ്ത്രീയയും അവരുടെ മകളെയും ഹമാസ് വിട്ടയച്ചിരുന്നു. റഫ അതിര്‍ത്തി വഴിയാണ് ബന്ദികളെ കൈമാറിയതെന്നാണ് റിപോര്‍ട്ടുകള്‍. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെ തുടര്‍ന്നാണ് മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ഇവരുടെ മോചനത്തിനായി മധ്യസ്ഥ രാജ്യങ്ങളുമായുണ്ടാക്കിയ ധാരണ ഇസ്രായേല്‍ ലംഘിച്ചു. ബന്ദികളെ സ്വീകരിക്കാന്‍ ആദ്യം ഇസ്രായേല്‍ തയ്യാറായിരുന്നില്ലെന്നും ഹമാസ് പറഞ്ഞു.