25 ബന്ദികളെ ഹമാസ് വിട്ടയച്ചു; ഇസ്രായേലികളെ കൈമാറിയത് റെഡ് ക്രോസിന്

Update: 2023-11-24 16:20 GMT

ഗസാ സിറ്റി: ഖത്തറിന്റെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഹമാസ് ബന്ദികളെ വിട്ടയച്ചു തുടങ്ങി. 12 തായ്‌ലന്‍ഡ് സ്വദേശികളെയും 13 ഇസ്രായേലികളെയുമാണ് ഹമാസ് വിട്ടയച്ചത്. ഇസ്രായേലി പൗരന്‍മാരെ റെഡ് ക്രോസിനു കൈമാറുകയും അവര്‍ ഈജിപ്ത് അതിര്‍ത്തിയിലേക്കുള്ള യാത്രയിലാണെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, 12 തായ് പൗരന്മാരെ ഹമാസ് വിട്ടയച്ചതായി തായ്‌ലന്‍ഡ് പ്രധാനമന്ത്രി സ്രെത്താ തവിസിന്‍ സ്ഥിരീകരിച്ചു. സുരക്ഷാ വിഭാഗവും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ അവരെ കൊണ്ടുപോവാനുള്ള ഒരുക്കത്തിലാണെന്നും വിട്ടയക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും തായ്‌ലന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു.

ഇസ്രായേലി ജയിലുകളില്‍ നിന്ന് മോചിപ്പിക്കുന്ന സ്ത്രീകളെയും കുട്ടികളെയും സ്വീകരിക്കാനും സ്വാഗതം ചെയ്യാനും നബ് ലുസ് നഗരവാസികളോടെ ഹമാസ് ആവശ്യപ്പെട്ടു. വിട്ടയക്കപ്പെടുന്നവര്‍ക്ക് വന്‍ സ്വീകരണം ഒരുക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നുവെന്ന വിവരം ഇസ്രായേലില്‍ ആഘോഷത്തോടെയാണ് വരവേറ്റത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയിലായത്. 150 ഫലസ്തീന്‍ തടവുകാര്‍ക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ.

അതിനിടെ, താല്‍ക്കാലിക വെടിനിര്‍ത്തലിന് പിന്നാലെ സഹായ ഹസ്തവുമായി ഈജിപ്ത് ട്രക്കുകള്‍ ഗസയിലെത്തി. രണ്ട് സംഘടനകളെ പ്രതിനിധീകരിച്ച് രണ്ടുട്രക്കുകളാണ് റഫ അതിര്‍ത്തി വഴി ഗസയിലേക്ക് പ്രവേശിച്ചത്. ഗസ്സയിലേക്ക് നീങ്ങിയത്. പ്രതിദിനം 1,30,000 ലിറ്റര്‍ ഡീസല്‍ നല്‍കുമെന്ന് ഈജിപ്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസ് ഉള്‍പ്പെടെ ദിവസേന 200 ട്രക്ക് സഹായങ്ങള്‍ ഗസയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് ആഴ്ച നീണ്ട യുദ്ധത്തിനുശേഷം പ്രാബല്യത്തില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിനെ ഗസയിലെ ഫലസ്തീനികള്‍ സമ്മിശ്ര വികാരങ്ങളോടെയാണ് സ്വാഗതം ചെയ്തത്. ഒക്ടോബര്‍ ഏഴിനു ശേഷം ഗസയില്‍ 14,800 ലധികം ആളുകളെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തലിനു ശേഷം യുദ്ധം പുനരാരംഭിക്കുമെന്നും ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുമെന്നും ഇസ്രായേല്‍ യുദ്ധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു.

Tags:    

Similar News