'അവരുടെ വിധി നാളെ അറിയിക്കും'; ബന്ദികളുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഹമാസ്

Update: 2024-01-15 12:10 GMT

ഗസാ സിറ്റി: ഗസിലെ ഇസ്രായേല്‍ കൂട്ടക്കൊല 100 ദിവസം പിന്നിട്ടതിനു പിന്നാലെ ബന്ദികളുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഒക്‌ടോബര്‍ 7ന് പിടികൂടിയവരില്‍ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ ആണ് പുറത്തുവിട്ടത്. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, തടവുകാരായ നോവ അര്‍ഗമണി(26), യോസി ഷറാബി(53), ഇറ്റായ് സ്വിര്‍സ്‌കി(38) എന്നിവരാണുള്ളത്. തങ്ങളുടെ മോചനം സുഗമമാക്കാന്‍ ഇസ്രായേലി അധികാരികളോട് ബന്ദികള്‍ ആവശ്യപ്പെടുന്നുണ്ട്. തിയ്യതിയില്ലാത്ത ദൃശ്യങ്ങള്‍ അറബി, ഹീബ്രു, ഇംഗ്ലീഷ് എന്നീ രണ്ട് അടിക്കുറിപ്പുകളോടെയാണ് അവസാനിക്കുന്നത്. നിങ്ങളുടെ സര്‍ക്കാര്‍ കള്ളം പറയുകയാണ്, നാളെ അവരുടെ വിധി ഞങ്ങള്‍ നിങ്ങളെ അറിയിക്കുമെന്ന അടിക്കുറിപ്പോടെയാണ് അവസാനിക്കുന്നത്.

    തൂഫാനുല്‍ അഖ്‌സയില്‍ സൂപ്പര്‍നോവ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് നോവ അര്‍ഗമണിയെ ബന്ദിയാക്കിയത്. അതേസമയം, ടെല്‍ അവീവില്‍ ബന്ദികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള റാലിയില്‍ പങ്കെടുത്ത നോവയുടെ മാതാവ് ലിയോറ അര്‍ഗമണി ഞാന്‍ മരണപ്പെടുന്നതിനു മുമ്പ് എനിക്ക് അവളെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. കാന്‍സര്‍ ബാധിതയായ ഇവര്‍ വീല്‍ചെയറിലാണ് പങ്കെടുത്തത്. ഗസ മുനമ്പിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബീറി കിബ്ബട്ട്‌സില്‍ നിന്നാണ് ഷറാബിയെയും സ്വിര്‍സ്‌കിയെയും പിടികൂടിയത്. അതിനിടെ, ഇസ്രായേല്‍ സേനയുടെ തുടരുന്ന ആക്രമണങ്ങള്‍ ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതായി ഹമാസ് വക്താവ് അബു ഉബൈദ വീണ്ടും മുന്നറിയിപ്പ് നല്‍കി. 'ശത്രുക്കളുടെ പല ബന്ദികളുടേയും തടവുകാരുടെയും ഗതി അടുത്ത ആഴ്ചകളില്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. മിക്കവാറും, അവരില്‍ പലരും അടുത്തിടെ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ ഓരോ മണിക്കൂറിലും വലിയ അപകടത്തിലാണ്. അതിന്റെ എല്ലാ ഉത്തരവാദിത്തവും ശത്രു സൈന്യത്തിനും നേതൃത്വത്തിനുമാണെന്നു അബു ഉബൈദ പറഞ്ഞു. 100 ദിവസത്തിനിടെ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 23,938 പേര്‍ കൊല്ലപ്പെടുകയും 60,582 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News