ഗസ സിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ താല്‍പര്യമുണ്ടെന്ന് ഹമാസ്. ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കുന്നതും ബന്ദികളെ കൈമാറുന്നതുമായ കരാറിന്റെ കാര്യത്തില്‍ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഹമാസ് നേതൃത്വ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ഡാര്‍വിഷിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഖത്തര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച്ച നടത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പുരോഗതി പ്രതിനിധി സംഘം ഭരണാധികാരിയെ അറിയിച്ചു.
വെടിനിര്‍ത്തല്‍ ചര്‍ച്ച നിര്‍ണായകഘട്ടത്തിലാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചിരുന്നു.
വെടിനിര്‍ത്തല്‍ കരാറിന്റെ കരട് രൂപത്തെ കുറിച്ചുള്ള ചില റിപോര്‍ട്ടുകള്‍ ഇസ്രായേലി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഗസയില്‍ തടവിലുള്ള 33 ജൂതന്‍മാരെ ഹമാസ് കൈമാറണം. പതിനാറ് ദിവസത്തിന് ശേഷം ബാക്കിയുള്ളവരെയും കൈമാറണം. ഗസയില്‍ ഏകദേശം 94 ജൂതന്‍മാര്‍ തടവിലുണ്ടെന്നാണ് ഇസ്രായേല്‍ വിലയിരുത്തുന്നത്. ഇതിനെല്ലാം പകരമായി വിവിധ ഇസ്രായേലി ജയിലുകളിലുള്ള നിരവധി ഫലസ്തീനികളെ ഇസ്രായേലും കൈമാറും. ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയിട്ടുള്ള 200 പേരും ഇതിലുണ്ടാവും. ഇവരെ ഗസയിലേക്കോ വെസ്റ്റ്ബാങ്കിലേക്കോ അയക്കുന്ന കാര്യത്തില്‍ ഇസ്രായേലിന് വിയോജിപ്പുണ്ട്. ഈ തടവുകാരെ ഖത്തറിലേക്കോ ഈജിപ്തിലേക്കോ തുര്‍ക്കിയിലേക്കോ അയക്കാമെന്നാണ് ഇസ്രായേല്‍ പറയുന്നത്.
അതേസമയം, ഹമാസിന് മുന്നില്‍ കീഴടങ്ങുന്ന കരാര്‍ പാടില്ലെന്ന് പറഞ്ഞ് റിലീജിയസ് സയണിസം പാര്‍ട്ടി നേതാവും ഇസ്രായേലി ധനമന്ത്രിയുമായ ബെര്‍സലേല്‍ സ്‌മോട്രിച്ച് രംഗത്തെത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിനെ തന്റെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും ഇത് ഇസ്രായേലിന് വലിയ ദുരന്തമായി മാറുമെന്നും സ്‌മോട്രിച്ച് പറഞ്ഞു. ഇതോടെ ഇയാള്‍ക്കെതിരേ പ്രതിഷേധവുമായി ബന്ദികളുടെ കുടുംബങ്ങള്‍ രംഗത്തെത്തി.
⚡️🇮🇱JUST IN:
— Suppressed News. (@SuppressedNws) January 13, 2025
Verbal altercations erupted between the families of Israeli prisoners and minister Smotrich in the Knesset following his tweet opposing the deal. The mother of one of the deceased prisoners showed Smotrich pictures of her son and cried out in tears: "Is it… https://t.co/3CutpbuL9F pic.twitter.com/3DplEnI38l
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇയാള്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നാണ് സൂചന. ജനുവരി 20ന് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വരുന്നതിന് മുമ്പ് കരാര്‍ നടപ്പാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്.