ഗസ പുനരുദ്ധാരണ സഹായത്തില്‍നിന്ന് ഒരു ചില്ലിക്കാശ് പോലും തങ്ങള്‍ക്ക് വേണ്ടെന്ന് ഹമാസ്

സഹായം സുതാര്യവും നിഷ്പക്ഷവുമായി വിതരണം ചെയ്യുമെന്ന് ഗ്രൂപ്പിന്റെ രാഷ്ട്രീയ വിഭാഗം മേധാവി യഹ്‌യ സിന്‍വാര്‍ വാഗ്ദാനം ചെയ്തു.

Update: 2021-05-28 09:34 GMT

ഗസാ സിറ്റി: ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്ത ഗസയുടെ പുനര്‍നിര്‍മാണത്തിനുള്ള യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സഹായത്തില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും തൊടില്ലെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്. സഹായം സുതാര്യവും നിഷ്പക്ഷവുമായി വിതരണം ചെയ്യുമെന്ന് ഗ്രൂപ്പിന്റെ രാഷ്ട്രീയ വിഭാഗം മേധാവി യഹ്‌യ സിന്‍വാര്‍ വാഗ്ദാനം ചെയ്തു.

ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസയിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാനുള്ള പദ്ധതികളോടെ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ശക്തിപ്പെടുത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള അന്താരാഷ്ട്ര, അറബ് രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. പുനര്‍നിര്‍മ്മാണത്തിനും മാനുഷിക പിന്തുണയും ഉദ്ദേശിച്ചുള്ള ഫണ്ടില്‍ നിന്നും ഒരു ശതമാനം പോലും എടുക്കരുതെന്ന തങ്ങളുടെ പ്രതിജ്ഞാബദ്ധത താന്‍ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പും ഞങ്ങള്‍ ഇത്തരം ഫണ്ടില്‍ നിന്നും ഒരംശം പോലും എടുത്തിട്ടില്ല' സിന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ സഹായങ്ങളും ഫലസ്തീന്‍ ജനതയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ നടപ്പാക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News