ഇസ്താംബുള്‍: ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയാണെങ്കില്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസിന്റെ ഉന്നത നേതാവ് ഖലീല്‍ അല്‍ഹയ്യ പ്രസ്താവിച്ചതായി റിപോര്‍ട്ട്. ഇസ്രയേലുമായി അഞ്ച് വര്‍ഷമോ അതിലധികമോ വര്‍ഷത്തെ ഉടമ്പടി അംഗീകരിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുകയാണെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞതായി അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇസ്താംബൂളില്‍ എപിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഖലീല്‍ അല്‍ഹയ്യയുടെ അഭിപ്രായപ്രകടനം. ഗസയ്ക്കും വെസ്റ്റ് ബാങ്കിനുമായി ഒരു ഏകീകൃത സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കെടുക്കാന്‍ ഹമാസ് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അധിനിവേശക്കാര്‍ക്കെതിരേ പോരാടിയവരുടെ എല്ലാ അനുഭവങ്ങളും അവര്‍ സ്വതന്ത്രരാവുകയും അവരുടെ അവകാശങ്ങളും രാജ്യവും നേടിയെടുക്കുകയും ചെയ്തപ്പോള്‍ ഈ ശക്തികള്‍ എന്താണ് ചെയ്തത്? അവര്‍ രാഷ്ട്രീയ പാര്‍ട്ടികളായി മാറുകയും അവരുടെ സായുധ സേനകള്‍ ദേശീയ സൈന്യമായി മാറുകയും ചെയ്തു. ഹമാസിനെ ഇല്ലായ്മ ചെയ്യുന്നതില്‍ ഇസ്രയേലിന്റെ റഫയിലെ ആസൂത്രിത കര അധിനിവേശം വിജയിക്കില്ല. ഇസ്രയേലി സൈന്യം ഹമാസിന്റെ കഴിവുകളുടെ 20 ശതമാനത്തിലധികം നശിപ്പിച്ചിട്ടില്ല. അവര്‍ക്ക് ഹമാസിനെ അവസാനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണ് പരിഹാരം? സമവായത്തിലേക്ക് പോവുക എന്നതാണ് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.