സാഹിത്യ നൊബേല്‍ ഹന്‍ കാങിന്
നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യ ദക്ഷിണ കൊറിയക്കാരിയായി ഹന്‍ മാറും
സ്റ്റോക്ക്‌ഹോം: സാഹിത്യ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹന്‍ കാങ്ങിന്. ചരിത്രപരമായ ട്രോമയും മനുഷ്യപ്രകൃതിയുടെ ദൗര്‍ബല്യവും പ്രതിഫലിക്കുന്ന സാഹിത്യസംഭാവനക്കാണ് പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി പെര്‍മനന്റ് സെക്രട്ടറി മാറ്റ്‌സ് മാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യ ദക്ഷിണ കൊറിയക്കാരിയായി ഹന്‍ മാറും.
ശരീരവും ആത്മാവും മരിച്ചവരും ജീവിക്കുന്നവരും തമ്മിലുള്ള ബന്ധം അറിയാവുന്നയാളാണ് ഹന്‍ എന്ന് നൊബേല്‍ കമ്മിറ്റി ചെയര്‍ ആന്‍ഡേഴ്‌സ് ഓള്‍സന്‍ പറഞ്ഞു. ഒരു ദശലക്ഷം അമേരിക്കന്‍ ഡോളറും പ്രശസ്തി പത്രവുമാണ് സമ്മാന ജേതാവിന് ലഭിക്കുക.
ഹന്നിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമായ, 2007ല്‍ പ്രസിദ്ധീകരിച്ച 'ദ വെജിറ്റേറിയനു' ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസും ലഭിച്ചിരുന്നു. മാംസാഹാരം കഴിക്കുന്നത് നിര്‍ത്തിയ ഒരു വീട്ടമ്മ ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്നു വാദിച്ചു പട്ടിണി കിടക്കുന്നതാണ് ഈ നോവലിന്റെ പ്രമേയം. ഗ്രീക്ക് ലെസണ്‍സ്, ദ വൈറ്റ് ബുക്ക് എന്നിവയാണ് മറ്റു പ്രമുഖ കൃതികള്‍.