യു പിയിലെ 'ഹാപ്പിനസ് പാഠ്യപദ്ധതി'; ആം ആദ്മി പാര്‍ട്ടിയെ കോപ്പിയടിക്കുകയാണോ എന്ന് കേജ്‌രിവാള്‍

2018ല്‍ എഎപി സര്‍ക്കാര്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതിയാണ് 'ഹാപ്പിനസ് പാഠ്യപദ്ധതി'

Update: 2021-12-20 08:31 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന 'ഹാപ്പിനസ് പാഠ്യപദ്ധതി' ആം ആദ്മി പാര്‍ട്ടിയെ കോപ്പിയടിക്കുകയാണോ എന്ന് ഡല്‍ഹിമുഖ്യ മന്ത്രി അരവിന്ദ് കേജ്‌രിവാള്‍. യുപി സര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റര്‍ ഹാന്റിലിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇങ്ങനെ ചോദിച്ചത്. യോഗി സര്‍ക്കാര്‍ യുപിയിലെ  പ്രൈമറി സ്‌കൂളുകളില്‍ ഹാപ്പിനസ് കരിക്കുലം ആരംഭിക്കാന്‍ പോകുന്നുവെന്ന പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു കേജ്‌രിവാളിന്റെ പരിഹാസം. എന്ത്? യോഗിജിയും ബിജെപിയും എഎപിയെ പകര്‍ത്തുകയാണോ? കേജ്‌രിവാള്‍ ട്വീറ്റില്‍ ചോദിച്ചു. 2018ല്‍ എഎപി സര്‍ക്കാര്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതിയാണ് 'ഹാപ്പിനസ് പാഠ്യപദ്ധതി'. വിദ്യാര്‍ഥികളെ പ്രകൃതിയോടും സമൂഹത്തോടും രാജ്യത്തോടും കൂടുതല്‍ സംവേദനക്ഷമതയുള്ളവരാക്കുന്ന പൈലറ്റ് പ്രോജക്ടിന് കീഴില്‍ സ്‌കൂളുകളില്‍ 'ഹാപ്പിനസ് കരിക്കുലം' നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഉത്തര്‍പ്രദേശിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പദ്ധതി രൂപപ്പെടുത്തുന്നതെന്ന് സംസ്ഥാന ഇന്‍ചാര്‍ജ് സൗരഭ് മാളവ്യപറയുന്നു.

 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠ്യപദ്ധതി പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റ് പദ്ധതിയുടെ ഭാഗമായി 15 ജില്ലകളിലെ 150 സ്‌കൂളുകളോട് പാഠ്യപദ്ധതിയില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ ഹാപ്പിനസ് പാഠ്യപദ്ധതി നടപ്പിലാക്കിയത്. ഈ സംരംഭത്തിന്റെ ഭാഗമായി, ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി എല്ലാ സ്‌കൂള്‍ ദിവസവും ആദ്യത്തെ 45 മിനിറ്റിലും നഴ്‌സറി, കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണയും ഹാപ്പിന്‌സ് ക്ലാസുകള്‍ നടത്തുന്നുണ്ട്. കഥ പറച്ചില്‍, അധ്യാപകരും വിദ്യാര്‍ഥികളുമായി സംവാദം എന്നിവയും ഈ ക്ലാസിലുണ്ടാകും. ഈ വര്‍ഷമാദ്യം, ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്.

Tags:    

Similar News