ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു

ഇദ്ദേഹത്തിന്റെ ശരീരത്തില്‍ 10ലേറെ ബുള്ളറ്റിനുകള്‍ കണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു

Update: 2019-06-27 08:59 GMT

ഫരീദാബാദ്: ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി(38)യെ ഫരീദാബാദില്‍ അജ്ഞാത സംഘം വെടിവച്ച് കൊന്നു. പതിവുപോലെ രാവിലെ സമീപത്തെ ജിംനേഷ്യത്തിലേക്കു പോവാനായി കാര്‍ നിര്‍ത്തിയ ഉടനെയാണ് രണ്ടംഗസംഘം പിന്തുടര്‍ന്നെത്തി വെടിവച്ചതെന്ന് ഫരീദാബാദ് പോലിസ് പിആര്‍ഒ സുബേ സിങ് അറിയിച്ചു. ബുധ്‌നാഴ്ച രാവിലെയാണു സംഭവം. വെടിയേറ്റുവീണ വികാസ് ചൗധരിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ 10ലേറെ ബുള്ളറ്റുകള്‍ കണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ നാലുപേര്‍ക്ക് പങ്കുള്ളതായി പോലിസ് അറിയിച്ചു. കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തേക്ക് രണ്ടുപേര്‍ വരുന്നതായും വെടിയുതിര്‍ക്കുന്നതായും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി തകര്‍ന്നിട്ടുണ്ട്.

    ഈ സമയം സമീപത്തെ റോഡരികിലൂടെ ചിലര്‍ നടന്നുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം. വ്യക്തിവിരോധമാണ് കൊലപാതകത്തിനു പിന്നിലെന്നാണു സംശയിക്കുന്നതെന്നും സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു. അക്രമിസംഘം മാരുതി സുസുകി എസ്എക്‌സ് 4 കാറിലാണെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അനുശോചിച്ചു. പാര്‍ട്ടി നേതാക്കളായ അവതാര്‍ സിങും രണ്‍ദീപ് സിങ് സുര്‍ജേവാലയും അനുശോചനം അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് തന്‍വാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സമീപത്ത് ഒരു വഴിയാത്രികയെ ആക്രമിച്ചിരുന്നുവെന്നും ഇവിടെ കാട്ടുഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ നാഷനല്‍ ലോക് ക്ദള്‍(ഐഎന്‍എല്‍ഡി)യില്‍ നിന്നു രാജിവച്ച വികാസ് ചൗധരി ഈയിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നത്.





Tags:    

Similar News