ഹാത്‌റസ് ദുരന്തം: ആറ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനില്‍; 'ആള്‍ദൈവ'ത്തെ പ്രതിചേര്‍ക്കാതെ യുപി പോലിസ്
ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഹാത്‌റസില്‍ 121 പേര്‍ മരണപ്പെട്ട സംഭവത്തില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്(എസ്ഡിഎം) ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, ആള്‍ദൈവം ഭോലേ ബാബയെ ഇതുവരെ പോലിസ് പ്രതിചേര്‍ത്തിട്ടില്ല. കേസില്‍ പ്രധാന സംഘാടകനായ ദേവപ്രകാശ് മധുകര്‍ അടക്കം ഒമ്പതു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സല്‍സംഗം അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് പ്രാര്‍ഥനായോഗത്തിന് അനുമതി നല്‍കിയ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെയും മറ്റ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തത്. എസ്ഡിഎം പ്രാര്‍ഥനായോഗം നടക്കുന്ന സ്ഥലം പരിശോധിക്കുകയോ മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയോ ചെയ്തിരുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ഡിഎമ്മിന് പുറമെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും തഹസില്‍ദാറും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ജൂലൈ 2നാണ് ഹാത്‌റസില്‍ നടന്ന 'ആള്‍ ദൈവം' ഭോലെ ബാബയുടെ 'സത്‌സംഗ്' പ്രാര്‍ഥനായോഗത്തിന്റെ അവസാന ഘട്ടത്തില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരണമടഞ്ഞത്. 'അധികൃതരും സംഘാടകരും തികഞ്ഞ അശ്രദ്ധയാണ് കാണിച്ചിട്ടുള്ളത്. പോലിസ് അടക്കം ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. പരിപാടിയെ അവരാരും ഗൗരവത്തോടെ കണ്ടില്ല'-എസ്‌ഐടി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിരുവിട്ട ആള്‍ത്തിരക്കാണ് ദുരന്തത്തിന് മുഖ്യകാരണമെന്ന് എസ്‌ഐടി വിലയിരുത്തി. സംഘാടകര്‍ പറയുന്നതനുസരിച്ച് 80,000 പേരെ പ്രതീക്ഷിച്ച പരിപാടിയില്‍ രണ്ടര ലക്ഷം പേരാണ് പങ്കെടുത്തത്. സംഘാടകര്‍ മനപ്പൂര്‍വം ആളെണ്ണം കുറച്ചു പറഞ്ഞതാവാമെന്നാണ് പോലിസ് കരുതുന്നത്. പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചുകാണിച്ച് ഭോലേ ബാബയുടെ പ്രാര്‍ഥനാ യോഗം സംഘടിപ്പിക്കുന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. കൊവിഡ് വ്യാപന കാലത്ത് 2022 മെയില്‍ ഫാറൂഖാബാദ് ജില്ലയില്‍ 50 പേര്‍ക്ക് അനുമതി വാങ്ങി അമ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടി നടന്നിരുന്നു.
ദൃക്‌സാക്ഷികളും ദുരന്തത്തെ അതിജീവിച്ചവരും പോലിസും ജില്ലാ അധികാരികളും ഉള്‍പ്പെടെ 125 പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി റിപോര്‍ട്ട് തയ്യാറാക്കിയത്. കൂടാതെ മാധ്യമവാര്‍ത്തകളും ചിത്രങ്ങളും വീഡിയോ ഫൂട്ടേജുകളും പരിശോധിക്കുകയും ചെയ്തു. ഭോലേ ബാബയെ സംഭവത്തില്‍ പ്രതിചേര്‍ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. പല രാഷ്ട്രീയ കേന്ദ്രങ്ങളുമായും ബന്ധമുള്ളയാളാണ് ഭോലേ ബാബ എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ക്ക് അപകടം തടയാനാവുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്.
ആംബുലന്‍സുകളോ വൈദ്യസഹായ സംവിധാനങ്ങളോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പോലിസ് പറയുന്നു. ഇടുങ്ങിയ ഒരു വഴി മാത്രമാണ് പ്രാര്‍ഥനാ സ്ഥലത്തു നിന്ന് പുറത്തേക്ക് കടക്കാനുണ്ടായിരുന്നത്. അടിയന്തര വാതായനങ്ങളോ വഴികള്‍ അടയാളപ്പെടുത്തിയ റൂട്ട് മാപ്പുകളോ ഉണ്ടായിരുന്നില്ല. കാല്‍നടക്കാരെ സഹായിക്കുന്നതിനോ വാഹന ഗതാഗത നിയന്ത്രണത്തിനോ ഉള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നും തെളിവുകള്‍ നശിപ്പിക്കാനും മറച്ചുവയ്ക്കാനും സംഘാടകര്‍ ശ്രമിച്ചതായും പോലിസ് കുറ്റപ്പെടുത്തുന്നു. ദുരന്തം വ്യാപിപ്പിക്കുന്നതില്‍ സംഘാടകര്‍ കുറ്റക്കാരാന്നെന്നും സംഭവസ്ഥലം പരിശോധിക്കുന്നതില്‍ നിന്ന് പോലിസിനെ അവര്‍ തടഞ്ഞതായും എസ്‌ഐടി റിപോര്‍ട്ടിലുണ്ട്. ബാബയുടെ സ്വകാര്യ സുരക്ഷാഭടന്മാരുടെ പെരുമാറ്റത്തെക്കുറിച്ചും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ആളുകളെ സ്വയം രക്ഷപ്പെടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി ഭോലേ ബാബയ്ക്ക് കടന്നു കളയാന്‍ അവസരമൊരുക്കിയതായും ആക്ഷേപമുണ്ട്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കു പറ്റിയവര്‍ക്ക് 50,000 രൂ. വീതവും സഹായധനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.