പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി; ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒത്തുതീര്‍പ്പായെന്ന് കോടതി

ഇരുവര്‍ക്കും നല്‍കിയ കൗണ്‍സിലിങ്ങിന്റെ റിപോര്‍ട്ടും വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് കോടതി പരിശോധിച്ചു.

Update: 2024-10-25 06:46 GMT

കൊച്ചി: വിവാദമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മില്‍ ധാരണയിലെത്തിയെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ഇരുവര്‍ക്കും നല്‍കിയ കൗണ്‍സിലിങ്ങിന്റെ റിപോര്‍ട്ടും വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് കോടതി പരിശോധിച്ചു.

കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയെ മര്‍ദ്ദിച്ചുവെന്നാണ് ആദ്യം പരാതി വന്നത്. തുടര്‍ന്ന് രാഹുലിനെതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ നിയപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. പിന്നീട് വധശ്രമക്കേസും ഉള്‍പ്പെടുത്തി. പോലിസ് പിന്നാലെ കൂടിയതോടെ രാഹുല്‍ ജര്‍മനിയിലേക്ക് പോയി.

അതിനിടെയാണ് ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും പറഞ്ഞ് ഭാര്യ രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തര്‍ക്കം സംസാരിച്ചു തീര്‍ത്തു എന്നുമാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ പറഞ്ഞത്.

ഇക്കാര്യം ശരിവച്ചുകൊണ്ട് ഭാര്യയും സത്യവാങ്മൂലം നല്‍കിയിരുന്നു. രാഹുല്‍ തന്നെ മര്‍ദിച്ചിട്ടില്ലെന്നും കുളിമുറിയില്‍ വീണതുമൂലമുണ്ടായ പരുക്കാണ് തനിക്കേറ്റതെന്നുമായിരുന്നു ഇവരുടെ വാദം. വീട്ടുകാരാണ് ഭര്‍ത്താവിനെതിരെ കേസ് നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് വീടു വിട്ടിറങ്ങിയ യുവതി വീട്ടുകാര്‍ക്കൊപ്പം പോകാനില്ലെന്നും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News