ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു
തിരുവനന്തപുരം: പനിയും ശ്വാസതടസ്സവും കാരണം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്. ഉമ്മന്‍ചാണ്ടിക്ക് ചികില്‍സ നിഷേധിക്കുന്നുവെന്ന സഹോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോപണം ഏറെ വിവാദമായിരുന്നു.