കടല്‍ക്കൊലക്കേസ്: ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ തുടങ്ങി

നാവികരായ സാല്‍വത്തോറെ ജെറോണി, മസ്സിമിലിയാനോ ലാത്തോറെ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന ഇറ്റലിയുടെ ഹര്‍ജിയിലാണ് വിചാരണ തുടങ്ങിയത്.

Update: 2019-07-09 13:32 GMT

ഹേഗ്: കൊല്ലത്ത് മീന്‍പിടിത്തത്തിനിടെ രണ്ടു തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ തുടങ്ങി. നാവികരായ സാല്‍വത്തോറെ ജെറോണി, മസ്സിമിലിയാനോ ലാത്തോറെ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന ഇറ്റലിയുടെ ഹര്‍ജിയിലാണ് വിചാരണ. 2012ല്‍ ആണ് കേസിനാസ്പദമായ സംഭവം.

സംഭവം നടക്കുമ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടിയാണ് നാവികര്‍ ജോലി ചെയ്തതെന്നും അതിനാല്‍ വിചാരണ റോമില്‍ നടത്തണമെന്നുമാണ് ഇറ്റലിക്കുവേണ്ടി ഹാജരായ ഫ്രാന്‍സെസ്‌കോ അസാരെല്ലോയുടെ ആവശ്യം.ഇന്ത്യ വിചാരണ നീട്ടിക്കൊണ്ടുപോവുന്നതായും ഇറ്റലി ആരോപിച്ചു.

എന്നാല്‍, കൊല്ലപ്പെട്ടത് ഇന്ത്യന്‍ പൗരന്‍മാരാണെന്നും മുന്നറിയിപ്പ് നല്‍കാനാണ് വെടിയുതിര്‍ത്തതെന്ന വാദം അവിശ്വസനീയമാണെന്നും ചൂണ്ടിക്കാട്ടിയ ഇന്ത്യ ഇറ്റാലിയന്‍ വാദത്തെ ശക്തമായി എതിര്‍ത്തു. സംഭവം നടന്നത് ഇന്ത്യയിലായതിനാല്‍ നാവികര്‍ ഇന്ത്യയിലാണ് വിചാരണ നേരിടേണ്ടതെന്നും മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന നാവികരെ അന്തിമ വിചാരണയ്ക്ക് വിട്ടുകിട്ടണമെന്നാണ് ആവശ്യമെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ ജി ബാലസുബ്രഹ്മണ്യം കോടതിയില്‍ വാദിച്ചു. ഇറ്റലി സഹകരിച്ചിരുന്നെങ്കില്‍ വിചാരണ നേരത്തെ അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നാവികര്‍ ഇറ്റലിയില്‍ തുടരും.

Tags:    

Similar News