ആരോഗ്യ നില പരിഗണിക്കാതെ അതിഖുര്‍ റഹ്മാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വീണ്ടും മാറ്റി
പിഎംഎൽഎ കേസിൽ അതിഖുർ റഹ്മാൻ സപ്തംബർ 12 ന് ലഖ്‌നോവിലെ പിഎംഎൽഎ കോടതിക്ക് മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഹരജി പരിഗണിക്കുന്നത് സപ്തംബർ 26 ലേക്ക് മാറ്റിയിരിക്കുകയാണ്.
ലഖ്‌നോ: ഹാഥ്റസില്‍ കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കാംപസ് ഫ്രണ്ട് നേതാവ് അതിഖുര്‍ റഹ്മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു. ലഖ്നോ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സപ്തംബർ 16 ലേക്കാണ് മാറ്റിയത്. ഹൃദ് രോഗിയായ അതിഖുർ ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാണ്.
ഹൃദ് രോഗവും പക്ഷാഘാതവും ബാധിച്ച അതിഖുർ റഹ്മാൻ ആഗസ്ത് 30 നാണ് എൻഐഎ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. സപ്തംബർ 8 ന് കേസ് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. എന്നാൽ കേസന്വേഷിക്കുന്ന യുപി എസ്ടിഎഫ് കേസ് സംബന്ധിച്ച റിപോർട്ട് സമർപ്പിക്കാത്തതിനാൽ കേസ് സപ്തംബർ 16 ലേക്ക് മാറ്റുകയായിരുന്നു.
ഹാഥ്റസ് യുഎപിഎ കേസിലെ ജാമ്യാപേക്ഷ എൻഐഎ പ്രത്യേക കോടതിക്ക് മുമ്പാകെ വാദം കേൾക്കാനിരിക്കെ, പിഎംഎൽഎ കേസിൽ അതിഖുർ റഹ്മാൻ സപ്തംബർ 12 ന് ലഖ്‌നോവിലെ പിഎംഎൽഎ കോടതിക്ക് മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഹരജി പരിഗണിക്കുന്നത് സപ്തംബർ 26 ലേക്ക് മാറ്റിയിരിക്കുകയാണ്.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനൊപ്പമാണ് അതിഖുറിനെയും അറസ്റ്റ് ചെയ്തത്. എല്ലാവര്‍ക്കുമെതിരേ യുഎപിഎ ചുമത്തി. 2020 ഒക്ടബോര്‍ 5നാണ് യുപി പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.