ഞാന്‍ ഇതുവരെ ആരുടെ വാതിലിലും മുട്ടിയിട്ടില്ല; പരാതിയുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ഇന്ദ്രന്‍സ്
കൊച്ചി: ഞാന്‍ ഇതുവരെ ആരുടെ വാതിലിലും മുട്ടിയിട്ടില്ലെന്നും ആരോപണങ്ങളുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും നടന്‍ ഇന്ദ്രന്‍സ്. ഹേമാ കമ്മിറ്റി റിപോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതു മേഖലയിലായാലും സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടി വേണം. നമ്മുടെ സംഘടനയിലും സിനിമയിലും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. പുതിയ നിരവധി പേരുണ്ട്. പരാതികളുണ്ടെങ്കില്‍ അന്വേഷണം വേണം. ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാമല്ലോ എന്നായിരുന്നു മറുപടി.
ആരോപണങ്ങളെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന അറിവേ ഉള്ളൂ. എല്ലാ കാലത്തും വന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിത്. ഇടയ്ക്ക് കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ. അതിനു വേണ്ടിയാണ് ഇതൊക്കെ. അതുകൊണ്ട് സിനിമ മേഖലയ്ക്ക് ദോഷമൊന്നുമുണ്ടാവില്ല. നേതൃസ്ഥാനത്തിരിക്കുന്നവരെ കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പതിവാണ്. ഇതേ കുറിച്ച് സത്യമായിട്ടും ഒന്നും അറിയില്ല. ആരോപണമുന്നയിച്ച ബംഗാളി നടിയെ അറിയില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.