ബംഗാളിലെ സംഘര്‍ഷത്തിന് ബിജെപി നേതാവ് ദിലീപ് ഘോഷ് കളമൊരുക്കിയത് ഇങ്ങനെ

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വ്യാപകമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ടതും തിരഞ്ഞെടുപ്പാനന്തര കലാപങ്ങള്‍ വഴിമരുന്നിട്ടിട്ടുണ്ട്.

Update: 2021-05-06 15:52 GMT
കൊല്‍ക്കത്ത: 'ഭീരുക്കള്‍ ക്ഷമയെക്കുറിച്ച് സംസാരിക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ തൃണമൂലിനോട് പ്രതികാരം ചെയ്യുന്നില്ലെങ്കില്‍ ബംഗാളിലെ ജനങ്ങള്‍ അവരെ ഭീരുക്കള്‍ എന്ന് വിളിക്കും' -ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റും ലോക്‌സഭാ എംപിയുമായ ദിലീപ് ഘോഷ് 2020 ജൂണില്‍ പറഞ്ഞതാണിത്.

മാറ്റമുണ്ടാകും (സര്‍ക്കാരില്‍), പ്രതികാരമുണ്ടാവും (തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ) എന്ന തന്റെ പ്രിയപ്പെട്ട രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൊന്നിന് തുടക്കംകുറിച്ചത് ഇതിന് തൊട്ടു പിന്നാലെയായിരുന്നു. ഇതൊരു ഒറ്റത്തവണ പരാമര്‍ശമായിരുന്നില്ലെന്നു മാത്രമല്ല ഇക്കാര്യത്തില്‍ ഘോഷ് ഒരു ക്ഷമാപണത്തിന് പോലും മുതിര്‍ന്നില്ല.

ബിജെപി ബംഗാള്‍ ഘടകം സംസ്ഥാനത്ത് പ്രകോപനപരമായ നീക്കങ്ങളുമായി മുന്നോട്ട പോവുമ്പോള്‍ ഇതിന് ചെല്ലും ചെലവും നല്‍കും വിധമാണ് ബിജെപി കേന്ദ്ര നേതൃത്വം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി കേന്ദ്ര നേതൃത്വം ഭരണകക്ഷിയായ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) 'രാഷ്ട്രീയ ഭീകരത'യെക്കുറിച്ച് ആവര്‍ത്തിച്ച് ആരോപണമുന്നയിക്കുമ്പോള്‍ ബിജെപിയുടെ ബംഗാള്‍ യൂനിറ്റ് നേതാവ് ദിലീപ് ഘോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകളുമായി കളംനിറയുകയായിരുന്നു.

മമത വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം, തൃണമൂല്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടെന്ന തരത്തില്‍ ബിജെപി ദേശീയ നേതൃത്വം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിരന്തരം നുണപ്രചാരണം അഴിച്ചുവിട്ടിരുന്നു. അവരില്‍ പലരും കേന്ദ്ര അര്‍ദ്ധസൈനികരെ വിന്യസിക്കണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതിയുടെ ഭരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഘോഷിന്റെ മുന്‍ പ്രസംഗങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പങ്കുവച്ചാണ്പശ്ചിമ ബംഗാളിലെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിന് മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം 12 പേരുടെ ജീവന്‍ അപഹരിച്ച അതിക്രമങ്ങളില്‍ ബിജെപി നേതൃത്വത്തിന് കൈ കഴുകാനാവില്ലെന്ന് ഈ മറുപടികള്‍ വ്യക്തമാക്കുന്നു.

'അവരെ പിന്തുടര്‍ന്ന് വീഴ്ത്തുകയും നായ്ക്കളെപ്പോലെ കൊല്ലുകയും ചെയ്യും', 'നിങ്ങളുടെ ഭാര്യമാരെയും മക്കളെയും സംരക്ഷിക്കാന്‍ ആരുമുണ്ടാകില്ല', 'ഞങ്ങള്‍ വെടിയുണ്ടകള്‍ എണ്ണും നിങ്ങള്‍ മൃതദേഹങ്ങള്‍ എണ്ണും', 'ഞങ്ങളെ ശല്യപ്പെടുത്തരുത്, നിങ്ങളുടെ കുട്ടികള്‍ അനാഥരാകും, 'ആദ്യം തങ്ങള്‍ വെള്ളവും വൈദ്യുതിയും നിര്‍ത്തി വാതില്‍ കൊട്ടിയടച്ച് അടിച്ച് വീഴ്ത്തും, എല്ലുകള്‍ തകര്‍ന്നതിന്റെ ശബ്ദം കാളിഘട്ടില്‍ എത്തും' 'നിങ്ങളെ ആറടി മണ്ണിനടിയില്‍ കുഴിച്ച് മൂടും' തുടങ്ങിയ ഘോഷിന്റെ അത്യധികം പ്രകോപനപരമായ പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. ബിജെപിയുടെ മറ്റു നേതാക്കളുടെ പ്രകോപന പ്രസംഗങ്ങളും ബംഗാളിലെ അതിക്രമങ്ങള്‍ക്കും വെള്ളവും വളവുമായി മാറിയിട്ടുണ്ട്.

കൂടാതെ, തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വ്യാപകമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ടതും തിരഞ്ഞെടുപ്പാനന്തര കലാപങ്ങള്‍ വഴിമരുന്നിട്ടിട്ടുണ്ട്.

Tags:    

Similar News