ഇസ്രായേലിലെ 25 കുടിയേറ്റ ഗ്രാമങ്ങള്‍ ഒഴിയാന്‍ ഹിസ്ബുല്ലയുടെ നിര്‍ദേശം
സൈനിക താവളങ്ങള്‍ക്ക് പ്രദേശം ജീവിക്കുന്നവര്‍ക്ക് ഇനിയൊരു മുന്നറിയിപ്പുണ്ടാവില്ല.
ബെയ്‌റൂത്ത്: ലെബനാന്‍ അതിര്‍ത്തിയിലെ 25 പ്രദേശങ്ങളില്‍ നിന്ന് സയണിസ്റ്റ് കുടിയേറ്റക്കാര്‍ ഒഴിഞ്ഞുപോവണമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശങ്ങള്‍ ഇസ്രായേലി സൈന്യത്തിന്റെ താവളമായി മാറിയെന്നും ആക്രമണം ഉറപ്പാണെന്നും ഹിസ്ബുല്ല അറിയിച്ചു.
ബെയ്‌റൂത്തിന്റെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒഴിഞ്ഞു പോവണമെന്ന് ഇസ്രായേലി സൈന്യത്തിന്റെ അറബിക് വക്താവായ അവിചായ് അദ്രായി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഹിസ്ബുല്ലയുടെ പ്രസ്താവന.
''അതിവേഗം നിങ്ങള്‍ പ്രദേശം ഒഴിഞ്ഞുപോവണം. നിങ്ങളുടെ കുടിയേറ്റ ഗ്രാമങ്ങള്‍ ഇപ്പോള്‍ ഇസ്രായേലി സൈന്യത്തിന്റെ താവളങ്ങളാണ്. അതിനാല്‍ അവ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനത്തിന്റെ മിസൈലുകളുടെയും വ്യോമസേനയുടെയും ആക്രമണ ലക്ഷ്യങ്ങളാണ്'' പ്രസ്താവന പറയുന്നു. ഓരോ പ്രദേശങ്ങളെയും കൃത്യമായി രേഖപ്പെടുത്തിയ വീഡിയോയും ഇറങ്ങിയിട്ടുണ്ട്.
ലെബനാന് എതിരെ ആക്രമണം നടത്താന്‍ ഹൈഫ പോലുള്ള വന്‍ നഗരങ്ങളെയും ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നതിനാല്‍ അവക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. സമാനമായ ആക്രമണം 25 പ്രദേശങ്ങളിലും ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്. സൈനിക താവളങ്ങള്‍ക്ക് സമീപം ജീവിക്കുന്നവര്‍ക്ക് ഇനിയൊരു മുന്നറിയിപ്പുണ്ടാവില്ല. ഹിസ്ബുല്ലയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ സ്ഥലം വിട്ടു തുടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഫലസ്തീനികളില്‍ നിന്ന് സയണിസ്റ്റുകള്‍ പിടിച്ചെടുത്ത കിര്യാത്ത് ഷ്‌മോന, യെസുദ് ഹമാല, അയ്‌ലറ്റ് ഹാഷാഹര്‍, ഹാത്സര്‍ ഹഗിലിറ്റ്, കര്‍മൈല്‍,, മാലോത് തര്‍ഷിഹ, ഇവെന്‍ മെനാചെം, നഹാരിയ, റോഷ് പിന, ഷാമിര്‍, ഷാല്‍, മെരോന്‍, കാപ്രി, അബിരിം, ഡാള്‍ട്ടന്‍, നെവെ സിവ്, കാറ്റ്‌സിന്‍, കഫാര്‍ ഹനാനിയ, മനോത്ത്, ബൈത്ത് ഹാഇമെക്, ക്ഫാര്‍ വ്രാദിം, ഹാരാഷിം, ബിര്യ, കിദ്മത്ത് സ്വി, ബാര്‍ യോഹായ് എന്നീ പ്രദേശങ്ങളിലെ ജൂത കുടിയേറ്റക്കാരാണ് ഒഴിഞ്ഞു പോവേണ്ടത്.