''ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു, ഒരു പക്ഷെ സമയമായിട്ടുണ്ടാവില്ല.'': ഹിസ്ബുല്ല സെക്രട്ടറി ജനറല്‍
ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ സയ്യിദ് ഹാഷിം സഫിയുദ്ദീന്‍, ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍ എന്നിവരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ടാണ് ശെയ്ഖ് കാസിം പ്രസംഗം ആരംഭിച്ചത്.
ബെയ്‌റൂത്ത്: ഇസ്രായേല്‍ പ്രധാനമന്ത്രി സയണിസ്റ്റുകള്‍ക്ക് വാഗ്ദാനം ചെയ്യുന്ന 'സമ്പൂര്‍ണ്ണ വിജയം' സമ്പൂര്‍ണ്ണ പരാജയമായിരിക്കുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം കാസിം. ഇസ്രായേലുമായി ഒരു നീണ്ട യുദ്ധത്തിന് ഹിസ്ബുല്ല സജ്ജമാണ്. ഒരിക്കലും ഒത്തുതീര്‍പ്പിനായി യാചിക്കില്ല. ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന്റെ നിബന്ധനകള്‍ക്കനുസൃതമായി യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
''ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു, ഒരു പക്ഷെ സമയമായിട്ടുണ്ടാവില്ല.'' -നെതന്യാഹുവിന്റെ വീടിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ പരാമര്‍ശിച്ച് ശെയ്ഖ് നഈം കാസിം പറഞ്ഞു.
ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ സയ്യിദ് ഹാഷിം സഫിയുദ്ദീന്‍, ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍ എന്നിവരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ടാണ് ശെയ്ഖ് കാസിം പ്രസംഗം ആരംഭിച്ചത്.
പലസ്തീന്റെയും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളുടെയും വീരത്വത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായിരുന്നു യഹ്‌യാ സിന്‍വാറെന്ന് ശെയ്ഖ് പറഞ്ഞു. സയ്യിദ് ഹസന്‍ നസ്‌റുല്ലയുടെ അതേ പാതയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
സയണിസ്റ്റ് സ്ഥാപനത്തിന് ആക്രമണം നടത്താന്‍ ഒരു കാരണവും ആവശ്യമില്ല. അത് 75 വര്‍ഷമായി ഈ പ്രദേശത്തെ ആക്രമിക്കുന്നു. പ്രതിരോധത്തിലൂടെ ഞങ്ങള്‍ ഇസ്രായേലി പദ്ധതിയെ തകര്‍ക്കും. അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.