ലെബനാനില്‍ ഇസ്രായേലി വ്യോമാക്രമണം: റോക്കറ്റാക്രമണവുമായി ഹിസ്ബുല്ലയുടെ തിരിച്ചടി

വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികരണമമായി തര്‍ക്കത്തിലുള്ള ഷെബാ ഫാംസ് മേഖലയിലേക്ക് ഡസന്‍ കണക്കിന് റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹിസ്ബുല്ല വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു

Update: 2021-08-06 14:17 GMT

ബെയ്‌റൂത്ത്: തെക്കന്‍ ലെബനാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലി അധീന മേഖലകളിലേക്ക് റോക്കറ്റാക്രമണം നടത്തിയതായി ലെബനാനിലെ ഹിസ്ബുല്ല പോരാളികള്‍.

വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികരണമമായി തര്‍ക്കത്തിലുള്ള ഷെബാ ഫാംസ് മേഖലയിലേക്ക് ഡസന്‍ കണക്കിന് റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹിസ്ബുല്ല വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ലെബനാനിലെ തുറന്ന സ്ഥലത്താണ് ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചതെന്ന് ഇറാന്‍ പിന്തുണയുള്ള ഷിയ പോരാളി സംഘം അറിയിച്ചു. ലെബനാനിലെ 'റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍' ആക്രമിച്ചതായി വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. ഒരു യുദ്ധത്തിന് തയ്യാറാണെങ്കിലും ഒരു മുഴു യുദ്ധത്തിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രായേല്‍ പറഞ്ഞു.

ലെബനനില്‍ നിന്ന് 10 ലധികം റോക്കറ്റുകള്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് വിക്ഷേപിച്ചതായും ഭൂരിഭാഗം റോക്കറ്റുകളും വിവാദ ഷെബ ഫാംസ് അതിര്‍ത്തി ജില്ലയിലാണ് പതിച്ചതെന്നും ഇസ്രായേല്‍ വ്യോമസേന ട്വിറ്ററില്‍ അറിയിച്ചു.

ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ ലെബനാനിലെ ചില ഭാഗങ്ങളിലേക്ക് സൈന്യം ഷെല്ലുകളും പീരങ്കികളും പ്രയോഗിച്ചതായി ഇസ്രായേല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇസ്രായേലിലെ അപ്പര്‍ ഗലീലിയിലും 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശത്തിന്റെ ഭാഗമായ ഗോലാന്‍ കുന്നിലും അപായ സൈറണുകള്‍ മുഴങ്ങി.

2006 മുതല്‍ ഇസ്രായേലും ഹിസ്ബുല്ലയും ഒരു മാസം നീണ്ട കടുത്ത യുദ്ധത്തിനു ശേഷം ഏറെക്കുറെ സമാധാനത്തിലേക്ക് നീങ്ങിയ മേഖല ദിവസങ്ങള്‍ക്കു മുമ്പാണ് വീണ്ടും അശാന്തമായത്.

Tags:    

Similar News