ബെയ്‌റൂത്ത്: ഉചിതമായ സമയമാവുമ്പോള്‍ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഫലസ്തീന്‍ സഖ്യകക്ഷിയായ ഹമാസിനൊപ്പം ചേരാന്‍ തങ്ങള്‍ പൂര്‍ണ സജ്ജരായതായി ലെബനനിലെ ചെറുത്തുനില്‍പ്പ് സംഘമായ ഹിസ്ബുല്ല അറിയിച്ചു. ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം ശക്തമായി തുടരുന്നിതിനിടെയാണ് ഹിസ്ബുല്ല ഡെപ്യൂട്ടി ചീഫ് നഈം ഖാസിമിന്റെ പ്രസ്താവന. 'ഹിസ്ബുല്ലഎന്ന നിലയില്‍ ഞങ്ങള്‍ യുദ്ധത്തില്‍ സംഭാവന നല്‍കുന്നു, ഞങ്ങളുടെ കാഴ്ചപ്പാടിലും ആസൂത്രണത്തിലും അതിനുള്ള സംഭാവനകള്‍ തുടരുമെന്നും ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ ഫലസ്തീന്‍ അനുകൂല റാലിയില്‍ ഖാസിം പറഞ്ഞു. 'ഞങ്ങള്‍ പൂര്‍ണമായും തയ്യാറാണ്, നടപടിയുടെ സമയം വരുമ്പോള്‍ ഞങ്ങള്‍ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി ബെയ്‌റൂത്ത് സന്ദര്‍ശിച്ചതിനു പിന്നാലെ
ഹിസ്ബുല്ല യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്‌തെന്ന കാര്യം അദ്ദേഹം തള്ളി. 'ഹിസ്ബുല്ലയ്ക്ക് അതിന്റെ കടമകള്‍ അറിയാം. പ്രധാന രാജ്യങ്ങളും അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള ദൂതന്‍മാരും നേരിട്ടും അല്ലാതെയും യുദ്ധത്തില്‍ ഇടപെടരുതെന്ന് ഞങ്ങളോട് ആവശ്യപ്പെടുന്നത് ഞങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍ ലബനാന്‍ അതിര്‍ത്തി കടന്ന് നടത്തിയ ഷെല്ലാക്രമണത്തില്‍ വെള്ളിയാഴ്ച തെക്കന്‍ ലെബനനില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും എഎഫ്പി, റോയിട്ടേഴ്‌സ്, അല്‍ ജസീറ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഹിസ്ബുല്ല അനുഭാവികളാണ് ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്തിയത്. 'ദൈവം നിങ്ങളെ സംരക്ഷിക്കട്ടെ' എന്ന് എഴുതിയ ഫലസ്തീന്‍ പതാകകളും ബാനറുകളും വഹിച്ചാണ് പ്രകടനം നടത്തിയത്. തെല്‍ അവീവിനെ പ്രഹരിക്കൂ, നസ്‌റുല്ലാ തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു. ഹിസ്ബുല്ലാ മേധാവി ഹസന്‍ നസ്‌റല്ലയെ ഉദ്ദേശിച്ചാണ് ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചത്.
57 വര്‍ഷം മുമ്പ് ബെയ്‌റൂത്തില്‍ ജനിച്ച ഫലസ്തീന്‍ അഭയാര്‍ത്ഥി നജ്‌വ അലിയും ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. 'ഞാന്‍ ഒരിക്കലും ഫലസ്തീന്‍ കണ്ടിട്ടില്ല, എന്നാല്‍ ഞാന്‍ ഒരു ദിവസം തിരികെ പോവുമ്പോള്‍, അത് എന്റെ തല ഉയര്‍ത്തിപ്പിടിച്ചായിരിക്കും. എവിടെ പോവണമെന്നോ എന്തുചെയ്യണമെന്നോ ഒരു ഇസ്രായേലി സൈനികന്‍ എന്നോട് പറയാത്ത ദിവസമായിരിക്കും അതെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ചയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് പോരാളികള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല അറിയിച്ചിരുന്നു.