ഇസ്രായേലി സൈന്യത്തിന്റെ മൂന്നു താവളങ്ങള്‍ തകര്‍ത്ത് ഹിസ്ബുല്ല
ലെബനാനിന്റെ വ്യോമാതിര്‍ത്തി കടന്നെത്തിയ ഒരു ഇസ്രായേലി ഡ്രോണിനെ മിസൈല്‍ ഉപയോഗിച്ച് തിരിച്ചുവിട്ടു.
ബെയ്‌റൂത്ത്: ലെബനാനിന്റെ തെക്കന്‍പ്രദേശങ്ങളില്‍ നുഴഞ്ഞുകയറാനുള്ള ഇസ്രായേലി സൈന്യത്തിന്റെ നീക്കങ്ങള്‍ തകര്‍ത്തതായി ഹിസ്ബുല്ല. വിവിധ പ്രദേശങ്ങളിലെ മൂന്നു സൈനികത്താവളങ്ങള്‍ തകര്‍ത്താണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്.
ഖിയാം പട്ടണത്തിന്റെ തെക്ക് ഭാഗത്തുള്ള അല്‍ഓംറ പ്രദേശത്ത് ഇസ്രായേല്‍ സൈനികരുടെ ഒരു സംഘത്തെ റോക്കറ്റുകള്‍ ഉപയോഗിച്ച് നേരിട്ടതായി ഹിസ്ബുല്ലയുടെ ബുധനാഴ്ച്ചയിലെ ആദ്യ പ്രസ്താവന പറയുന്നു. താമസിയാതെ, അതേ പ്രദേശത്തെ മറ്റൊരു സൈനികസംഘത്തെയും റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. കൂടാതെ ലെബനാനിന്റെ വ്യോമാതിര്‍ത്തി കടന്നെത്തിയ ഒരു ഇസ്രായേലി ഡ്രോണിനെ മിസൈല്‍ ഉപയോഗിച്ച് തിരിച്ചുവിട്ടു.
ഇസ്രായേലിന് അകത്തെ ഹദേരയ്ക്ക് കിഴക്കുള്ള ഐന്‍ ഷെമര്‍ വ്യോമസേനാ താവളം, എലിയാക്കീം സൈനികത്താവളം, ശ്രഗ താവളം എന്നിവയെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചു. അമേരിക്ക ഇസ്രായേലിന് നല്‍കിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെയും മിസൈലുകളെയും തടയാനായില്ല. അതിനാല്‍ അവ കൃത്യമായി ലക്ഷ്യത്തിലെത്തി.