പാതയോരങ്ങളില്‍ കൊടി തോരണം സ്ഥാപിക്കുന്നത് ആരെന്നത് കോടതിക്ക് വിഷയമല്ലെന്ന് ഹൈക്കോടതി

ജനങ്ങള്‍ക്ക്ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടു നില്‍ക്കില്ല.ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യമില്ലെന്നും കോടതി വ്യക്തമാക്കി

Update: 2022-03-08 10:33 GMT

കൊച്ചി: പാതയോരങ്ങളില്‍ അനധികൃതമായി ആര് കൊടി തോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി വേണമെന്നും ആരാണ് കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നത് എന്നത് കോടതിക്ക് വിഷയമല്ലെന്നും ഹൈക്കോടതി.കൊച്ചി നഗരത്തില്‍ കൊടി തോരണങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടായത്.ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടു നില്‍ക്കില്ല.ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യമില്ലെന്നും കോടതി വ്യക്തമാക്കി.

അനുമതിക്ക് വിരുദ്ധമായി ഫുട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് എങ്ങനെയെന്നും നിയമലംഘനങ്ങളുടെ നേരെ കൊച്ചി കോര്‍പറേഷന്‍ കണ്ണടച്ചത് എങ്ങനെയെന്നും കോടതി ചോദിച്ചു. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്ന് പറയണമെന്നും പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.നഗരത്തിലെ ബോര്‍ഡുകളും കൊടികളും പൂര്‍ണമായും മാറ്റിയെന്ന് കോര്‍പറേഷന്‍ അറിയിച്ചു. 22 ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ പാതയോരങ്ങളിലടക്കം കൊടിതോരണങ്ങളും മറ്റും സ്ഥാപിച്ചതിനെതരെ കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ചെങ്കൊടി കാണുമ്പോള്‍ പണ്ടത്തെ മാടമ്പിമാരെപ്പോലെ ചിലര്‍ക്ക് ഇപ്പോഴും വല്ലാത്ത അലര്‍ജ്ജിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന പൊതു സമ്മേളനത്തില്‍ വിമിര്‍ശിച്ചിരുന്നു.അവിടെ ചെങ്കൊടി കാണുന്നു ഇവിടെ ചെങ്കൊടി കാണുന്നുവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.ചെങ്കൊടി കാണുമ്പോള്‍ വല്ലാതെ ഹാലിളകുന്ന അവസ്ഥയിലേക്ക് പോകുന്നത് നല്ലതല്ലെന്ന് അത്തരം ആളുകളും ശക്തികളും മനസിലാക്കണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News