മുസ്‌ലിംകള്‍ക്കെതിരായ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം; സ്വമേധയാ കേസെടുത്ത് ത്രിപുര ഹൈക്കോടതി
നശീകരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതായും ഈ മാസം 10നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന അഭിഭാഷകനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു
അഗര്‍ത്തല: ഒക്‌ടോബര്‍ 26ന് വടക്കന്‍ ത്രിപുര, ഉനകോട്ടി, സിപാഹിജാല ജില്ലകളില്‍ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ അഴിച്ചുവിട്ട അക്രമത്തില്‍ സ്വമേധയാ കേസെടുത്ത് ത്രിപുര ഹൈക്കോടതി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേയുണ്ടായ ആക്രമണത്തിന്റെ മറവിലാണ് ത്രിപുരയില്‍ സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരേ അഴിഞ്ഞാടിയത്.
നശീകരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതായും ഈ മാസം 10നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന അഭിഭാഷകനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വര്‍ഗീയ സംഘര്‍ഷം തടയുന്നതിന് സ്വീകരിച്ച പ്രതിരോധ നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് എസ് തലപത്രയും അടങ്ങുന്ന ബെഞ്ച് സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ഒക്ടോബര്‍ 26ന് പ്രദേശത്ത് അക്രമംപൊട്ടിപ്പുറപ്പെട്ടതിനെതുടര്‍ന്ന് ഒരു മസ്ജിദ് തകര്‍ക്കപ്പെടുകയും ചില വീടുകള്‍ക്ക് തീയിടുകയും കടകള്‍ ആക്രമിക്കപ്പെടുകയും ചെയ്‌തെന്നാണ് പോലിസ് റിപോര്‍ട്ട്.
സാമുദായിക സൗഹാര്‍ദ്ദം തിരിച്ചുകൊണ്ടുവരാന്‍ ത്രിപുര സര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാന നടപടികളും അക്രമികള്‍ക്കെതിരേ സ്വീകരിച്ച നടപടികളും വിശദീകരിക്കുന്ന കുറിപ്പ് അഡ്വക്കേറ്റ് ജനറല്‍ മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് നവംബര്‍ 12ന് പരിഗണിക്കും.