എം എം ലോറന്‍സിന്റ മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കണം: ഹൈക്കോടതി
മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം പോലെ കളമശേരി മെഡിക്കല്‍ കോളജിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
എം എം ലോറന്‍സിന്റെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നത്. ആശാ ലോറന്‍സിനെ അനുകൂലിച്ച് മറ്റൊരു മകളായ സുജാത ബോബനും ഇടപെടല്‍ അപേക്ഷ നല്‍കിയിരുന്നു. അതേസമയം, മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എം എം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് മകന്‍ എം എല്‍ സജീവന്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് ഉത്തരവ്. ലോറന്‍സിന്റെ മൃതദേഹം കോടതി ഉത്തരവ് പ്രകാരം നിലവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.