തൂണേരി ഷിബിന്‍ കേസ്: ഏഴു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

പ്രതികള്‍ക്ക് ഒരു ലക്ഷം വീതം പിഴയും ചുമത്തി.

Update: 2024-10-15 09:34 GMT

കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏഴു മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ജീവപര്യന്തം കഠിനതടവിന് ഹൈക്കോടതി ശിക്ഷിച്ചു. പ്രതികള്‍ക്ക് ഓരോ ലക്ഷം വീതം പിഴയും ചുമത്തി.

ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാരങ്കിത്താഴെ കുനിയില്‍ സിദ്ദീഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതാഴെ കുനി ഷുഹൈബ്, പതിനഞ്ചാം പ്രതി കൊച്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമല്‍ സമദ് എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്.

പിഴത്തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവ് ഭാസ്‌കരന് നല്‍കണം. ബാക്കി തുക പരിക്കേറ്റവര്‍ക്ക് നല്‍കണം. ഷിബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് ജസ്റ്റീസുമാരായ പി ബി സുരേഷ്‌കുമാര്‍, സി പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. കേസിലെ ഒന്നാം പ്രതി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ലെങ്കിലും ഇയാള്‍ക്കും വിധി ബാധകമാണ്. ഇയാള്‍ക്കായി കോടതി വാറന്‍ഡ് അയക്കും. ഈ ദിനത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ഷിബിന്റെ പിതാവ് ഭാസ്‌കരന്‍ പറഞ്ഞു. ഒന്നാം പ്രതി ഇസ്മായില്‍ ഇപ്പോഴും ഷാര്‍ജയിലാണെന്നും മുസ്‌ലിം ലീഗാണ് സംരക്ഷണം നല്‍കുന്നതെന്നും ഭാസ്‌കരന്‍ ആരോപിച്ചു.

2015 ജനുവരി 22ന് രാത്രിയാണ് ഏറെ കോളിളക്കമുണ്ടാക്കുകയും കലാപത്തിന് വഴിയൊരുക്കുകയും ചെയ്ത കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. രാഷ്ട്രീയ വിരോധത്താല്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയും ആറുപേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. കേസില്‍ പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടു. എന്നാല്‍, ആറു പേര്‍ കുറ്റക്കാരാണെന്ന് അപ്പീലില്‍ ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.



Tags:    

Similar News