ഹിജാബ് വിധി നിരാശാജനകം: കാന്തപുരം
മേല്‍ക്കോടതിയില്‍ നിന്ന് നീതിപൂര്‍വമായ ഒരു വിധി ഉണ്ടാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: ഹിജാബ് നിരോധനം ശരിവെച്ചുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി ഏറെ വേദനാജനകവും നിര്‍ഭാഗ്യകരവും ആണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കാരന്തൂര്‍ മര്‍കസില്‍ നടന്ന ഇമാം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാന്തപുരം.
കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയുന്നു, മുസ്‌ലിം മത വിശ്വാസ പ്രമാണങ്ങളേയും പൗരന്‍ എന്ന നിലയിലുള്ള ഒരു വിശ്വാസിയുടെ മൗലികാവകാശങ്ങളേയും ഹനിക്കുന്നതുമാണ് ഈ വിധി. മേല്‍ക്കോടതിയില്‍ നിന്ന് നീതിപൂര്‍വമായ ഒരു വിധി ഉണ്ടാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമര്‍ശം ഇസ്‌ലാമിക പ്രമാണ വിരുദ്ധമാണ്. ഹിജാബ് നിര്‍ബന്ധമാണ് എന്നതില്‍ മുസ്‌ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തര്‍ക്കവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.