കോഴിക്കോട്: സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മുസ്്‌ലിം വിരുദ്ധ നായാട്ടുകളെ അത്ര നിസ്സാരമായി കാണാന്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു പൗരനും കഴിയില്ലെന്ന് ഹിജ്‌റ കമ്മിറ്റി. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ഹിജ്‌റ കമ്മറ്റി പ്രവര്‍ത്തക സംഗമം ഡോ. കോയകുട്ടി ഫാറുഖി ഉദ്ഘാടനം നിര്‍വഹിച്ചു.
പശു ഇറച്ചി തിന്നുന്നവരെ അക്രമിക്കുന്ന ഹിന്ദു ഫാഷിസ്റ്റ് ശക്തികളും ആരാധനാലയങ്ങള്‍ വെട്ടിപ്പിടിക്കുന്ന വര്‍ഗീയ ശക്തികളുടെ നീക്കങ്ങളും രാജ്യത്തിന് ഭീഷണിയാണ് എന്നത് പോലെ തന്നെ പ്രവാചക നിന്ദക്കെതിരെ നടന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഭരണകൂട ഇടപെടലുകളും അപലപനീയമാണ്.
ഇഷ്ടമില്ലാത്തവരുടെ പുരയിടങ്ങളെയെല്ലാം ബുള്‍ഡോസറുപയോഗിച്ച് അടിച്ചു നിരത്തുന്ന സംഭവങ്ങള്‍ക്ക് പച്ചക്കൊടി കാട്ടുന്ന കേന്ദ്ര സര്‍ക്കാരും അക്രമികള്‍ക്കെതിരെ ഗവണ്‍മെന്റ് കൈകൊള്ളുന്ന ഉദാസീനമായ നടപടികളുമാണ് വീണ്ടും വീണ്ടും ഏകപക്ഷീയ കൊലപാതകങ്ങള്‍ നടത്താന്‍ സംഘി രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടന്നുക്കൊണ്ടിരിക്കുന്ന ഏക പക്ഷീയമായ ഇത്തരം ഭരണഘടനാ വിരുദ്ധ സംഭവങ്ങള്‍ പഠിക്കാന്‍ സീനിയര്‍ വക്കീലുമാരും നിയമ വിചക്ഷണരുമടങ്ങുന്ന ഒരു സംഘത്തെ നിയോഗിക്കണമെന്നും ഹിജ്‌റ കമ്മറ്റി ഇന്ത്യ ജനറല്‍ബോഡി യോഗം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളോടാവശ്യപ്പെട്ടു. ഹിജ്‌റ കമ്മറ്റി ഇന്ത്യ ചെയര്‍മാന്‍ ഹഫീദ് നദ് വി അധ്യക്ഷത വഹിച്ചു. അഡ്വ: മുബശ്ശിര്‍ അസ്ഹരി, നജ്മുദ്ധീന്‍ മാറഞ്ചേരി, ഹുസൈന്‍ ശംസുദ്ധീന്‍ പാലപ്പെട്ടി, ഫിറോസ് കോഴിക്കോട്, അബദുല്ലക്കുട്ടി, അബ്ദു ശുക്കൂര്‍ , കരീം ആലുവ, എം ഇ അബ്ദുറഹ്മാന്‍, സൈനുദ്ധീന്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.