ഹിമാചല്‍ വിധിയെഴുതുന്നു, വോട്ടെടുപ്പ് മന്ദഗതിയില്‍

Update: 2022-11-12 06:09 GMT

ഷിംല: ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. വോട്ടെടുപ്പ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. രാവിലെ 9 വരെ 5.02 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനായി 7,884 പോളിങ് സ്‌റ്റേഷനുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55.74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണവിരുദ്ധ വികാരം അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും സാന്നിധ്യമറിയിക്കുന്നുണ്ട്. ഇരുപാര്‍ട്ടികള്‍ക്കും വിമതശല്യവും കൂടുതലാണ്. 68 അംഗ നിയമസഭയില്‍, നിലവില്‍ ബിജെപിക്ക് 45 സീറ്റുണ്ട്, കോണ്‍ഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഭരണമാറ്റമുണ്ടാവുന്നതാണു ഹിമാചലിലെ പതിവ്. ഇത്തവണ അതിനു മാറ്റമുണ്ടാവുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം, സ്ത്രീകള്‍ക്കായി വന്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച ബിജെപിയുടെ പ്രകടന പത്രിക, അഗ്‌നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി തുടങ്ങിയവയാണ് ഹിമാചല്‍ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ സംസ്ഥാനമായ ഹിമാചലില്‍, ഭരണത്തുടര്‍ച്ച നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം.

പക്ഷേ, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും വിമതശല്യവും ശക്തമാണ്. വീര്‍ഭദ്ര സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നേതൃപരമായ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നയിച്ചത്. ഹിമാചലില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയും അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അഭിപ്രായ സര്‍വേകളും ഇത് ശരിവയ്ക്കുന്നു. മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ് തുടങ്ങിയവര്‍ മല്‍സരരംഗത്തെ പ്രമുഖരാണ്. ഭരണവിരുദ്ധവികാരവും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും കോണ്‍ഗ്രസിന് കരുത്താണ്. വിമതശല്യവും നേതാക്കള്‍ക്കിടയിലെ കിടമല്‍സരവും കോണ്‍ഗ്രസിലും ശക്തമാണ്. സംസ്ഥാനത്തെ 68 മണ്ഡലങ്ങളില്‍ 412 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

Tags:    

Similar News