ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍ രൂക്ഷം; പാലം തകര്‍ന്നു, മൂന്ന് ദേശീയപാതകള്‍ അടച്ചു
ഷിംലയിലെ മെഹ്ലിശോഗി ബൈപാസ് റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനഗതാഗതം നിരോധിച്ചു. കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും ശേഷം ഷിംല ജില്ലയിലെ നന്‍ഖാരി മേഖലയിലെ പുനന്‍ ഗ്രാമത്തിലെ മഹിളാമണ്ഡല്‍ ഭവനില്‍ പാറക്കല്ലുകള്‍ വീണ് നാശമുണ്ടായി.
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മൂന്ന് ദേശീയ പാതകള്‍ അടച്ചു. ഇത് കൂടാതെ 22 ലിങ്ക് റോഡുകളും അടച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഹിമാചല്‍പ്രദേശില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. 205ാം നമ്പര്‍ ഖരര്‍ഷിംല ദേശീയ പാതയും അടച്ചിരിക്കുകയാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ സുധേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതെത്തുടര്‍ന്ന് ഗതാഗതം ഘനഹട്ടികാളിഹട്ടി റൂട്ടിലേക്ക് തിരിച്ചുവിട്ടു. മണ്ണിടിച്ചിലില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചോയെന്ന് വ്യക്തമല്ല.
ഷിംലയിലെ മെഹ്ലിശോഗി ബൈപാസ് റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനഗതാഗതം നിരോധിച്ചു. കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും ശേഷം ഷിംല ജില്ലയിലെ നന്‍ഖാരി മേഖലയിലെ പുനന്‍ ഗ്രാമത്തിലെ മഹിളാമണ്ഡല്‍ ഭവനില്‍ പാറക്കല്ലുകള്‍ വീണ് നാശമുണ്ടായി. മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം നങ്കാരിയില്‍നിന്ന് ഖമ്മഡിയുമായി ബന്ധിപ്പിക്കുന്ന റോഡ് തടസ്സപ്പെട്ടു. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നാളെ റോഡ് പുനസ്ഥാപിക്കുമെന്ന് നങ്കരി തഹസില്‍ ദാര്‍ ലളിത് ഗൗതം പറഞ്ഞു. പ്രദേശത്ത് പാറകളും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളെ പ്രാദേശിക തഹസില്‍ ഭവനിലേക്ക് മാറ്റിയതായി പുനന്‍ ഗ്രാമപ്പഞ്ചായത്ത് പ്രധാന്‍ രഞ്ജന ചൗഹാന്‍ പറഞ്ഞു.
തിങ്കളാഴ്ച ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ മണാലി- ലേ ഹൈവേയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ബറാലച്ച ലായില്‍ വീണ്ടും മഞ്ഞുവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് തന്ത്രപ്രധാനമായ ഹൈവേയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ആളുകള്‍ക്കും യന്ത്രങ്ങള്‍ക്കും തടസ്സം നേരിട്ടതായി ലഹൗള്‍സ്പിതി ഡെപ്യൂട്ടി കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു. 15,912 അടി ഉയരത്തില്‍, മണാലി- ലേ ഹൈവേയിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് മലനിരകളിലൊന്നാണ് ബരലാച്ച ലാ. റോഹ്താങ് ലാ, നക്കീ ലാ, ലച്ചുങ് ലാ, തങ്‌ലാങ് ലാ എന്നിവയാണ് മറ്റ് നാല് പാസുകള്‍.
ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എച്ച്ആര്‍ടിസി) ലേ- ഡല്‍ഹി ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആയിരം കിലോമീറ്ററിലധികം ദൂരം വരുന്ന പാതയാണ് എച്ച്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുന്ന ഏറ്റവും അപകടകരവും ദൈര്‍ഘ്യവുമുള്ള പാത. മോശം കാലാവസ്ഥ സപ്തംബര്‍ 15 ന് ശേഷം നീണ്ടുപോയാല്‍ ശൈത്യകാലത്ത് ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ലാഹൗള്‍ എച്ച്ആര്‍ടിസി റീജ്യനല്‍ മാനേജര്‍ പറഞ്ഞു. നേരത്തെ, കൊവിഡ് 19 കാരണം ഒന്നര വര്‍ഷമായി ബസ് സര്‍വീസ് നിര്‍ത്തിവച്ചശേഷം ജൂലൈ 1നാണ് പുനരാരംഭിച്ചിരുന്നത്.
അതേസമയം, മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബെയ്‌ലി പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഷിംലയെയും കിന്നൗറിനെയും ബന്ധിപ്പിക്കുന്ന അഞ്ചാം നമ്പര്‍ ദേശീയ പാത അടച്ചു. പാലം നന്നാക്കുന്നു. ഈ പാതയിലുടനീളം ഒന്നിലധികം ഉരുള്‍പൊട്ടലുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കല്‍ക്കഷിംല ഹൈവേയിലെ ഗതാഗതം പുനസ്ഥാപിച്ചു. കുളു ജില്ലയില്‍, വസിഷ്ഠിന് സമീപം നെഹ്രു കുണ്ടില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ഒരു ലിങ്ക് റോഡ് തടഞ്ഞു. സപ്തംബര്‍ 17 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നിരുന്നാലും, ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറയും.