ഹിമാചലിലെ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും; കുടുങ്ങിക്കിടക്കുന്നത് വിനോദസഞ്ചാരികള്‍ അടക്കം 204 പേര്‍, ഛണ്ഡിഗഢ്- മണാലി ഹൈവേ ഗതാഗതം സ്തംഭിച്ചു (വീഡിയോ)

Update: 2021-07-30 06:53 GMT

ഷിംല: ഹിമാചല്‍ പ്രദേശിലെ മേഖവിസ്‌ഫോടനത്തെത്തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലമുള്ള നാശനഷ്ടങ്ങള്‍ തുടരുന്നു. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിരവധി മേഖലകളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സ്പിറ്റിയില്‍ വിനോദസഞ്ചാരികളും നാട്ടുകാരും അടക്കം 204 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് അവസാനം പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഇവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വിമാനമാര്‍ഗം ഇവരെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. റോഡുകള്‍ തകര്‍ന്നതും കാലാവസ്ഥ മോശമായതുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വെല്ലുവിളിയാവുന്നത്. അതേസമയം, ഛണ്ഡിഗഢ്- മണാലി ഹൈവേ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പൂര്‍ണമായും അടഞ്ഞുപോയി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. സിര്‍മൂര്‍ ജില്ലയിലെ കമ്രാവു തഹ്‌സിലില്‍ മണ്ണിടിച്ചില്‍ കാരണം ദേശീയപാത 707 ബാര്‍വാസിന് സമീപം അടച്ചിരിക്കുകയാണെന്ന് ഹിമാചല്‍ പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ചണ്ഡീഗഡ്- മണാലി ദേശീയപാത മൂന്നാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നുദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തടസ്സപ്പെട്ടത്. മേഖലയിലെ കനത്ത മഴയെത്തുടര്‍ന്ന് മണ്ടിയില്‍ കാര്‍ പാര്‍ക്കിങ് ഷെഡ് തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ ആഴ്ച മാത്രം ലാഹുല്‍ സ്പിറ്റി ജില്ലാ ഭരണകൂടത്തിന് കീഴില്‍ ആറ് പാലങ്ങള്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ തകരാറിലായി. 

പാലങ്ങള്‍ പുനസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം ആര്‍മി ആന്റ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ലാഹുല്‍ സ്പിറ്റി ജില്ലയിലെ ഉദയ്പൂര്‍ സബ് ഡിവിഷനില്‍ മഴ പെയ്തതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേരെ കാണാതാവുകയും ചെയ്തു. മണ്‍സൂണ്‍ സീസണില്‍ സംസ്ഥാനത്ത് കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. രണ്ടാഴ്ച മുമ്പ് ധര്‍മശാലയിലെ ഭഗ്‌സുനാഗ് പ്രദേശത്തും കനത്ത മഴയെ തുടര്‍ന്ന് മറ്റൊരു മണ്ണിടിച്ചിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Tags:    

Similar News