സംഘപരിവാര്‍ 'ഹിന്ദു കോണ്‍ക്ലേവില്‍' അടൂര്‍ ഗോപാലകൃഷ്ണനും പ്രഭാവര്‍മയും; വാര്‍ത്ത നിഷേധിച്ച് പ്രഭാവര്‍മ
താന്‍ ഒരു മത പാര്‍ലമെന്റിലും ഇല്ലെന്ന് പറഞ്ഞാണ് പ്രഭാ വര്‍മ താന്‍ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയത്.
തിരുവനന്തപുരം: വിദ്വേഷ പ്രചാരകരായ സംഘപരിവാര്‍ നേതാക്കളോടൊപ്പം 'ഹിന്ദു കോണ്‍ക്ലേവില്‍' ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഇടത് സഹയാത്രികനും കവിയുമായ പ്രഭാവര്‍മയും പങ്കെടുക്കുമെന്ന് സംഘാടകര്‍. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ഹിന്ദു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനും ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ പ്രഭാ വര്‍മയുടെ പേരും ചിത്രവും ഉള്‍പ്പെട്ടിരുന്നു. കടുത്ത വിദ്വേഷ പ്രചാരകയും സംഘപരിവാര്‍ നേതാവുമായി കെ പി ശശികല, ഹിന്ദുത്വ നേതാക്കളായ കുമ്മനം രാജശേഖരന്‍, ശ്രീജിത് പണിക്കര്‍, സന്ദീപ് വാര്യര്‍, ജനം ടി വി എഡിറ്റര്‍ അനില്‍ നമ്പ്യാര്‍, നടന്‍ ഉണ്ണി മുകുന്ദന്‍, നടി അനുശ്രീ തുടങ്ങിയവര്‍ക്കൊപ്പം പ്രഭാവര്‍മയും ഉണ്ടാകുമെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, നമ്പി നാരായണന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവരും നാളെ തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. എഴുത്തുകാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഭിനേതാക്കളുടെയും മതനേതാക്കളുടെയും ഒത്തുചേരല്‍ എന്നാണ് പരിപാടിയെ കുറിച്ച് കോണ്‍ക്ലേവിന്റെ സംഘാടകര്‍ പറയുന്നത്.
അതേസമയം, നാളെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഹിന്ദു കോണ്‍ക്ലേവില്‍ താന്‍ പങ്കെടുക്കുമെന്ന തരത്തിലുള്ള പോസ്റ്ററിനെതിരെ കവി പ്രഭാ വര്‍മ. താന്‍ ഒരു മത പാര്‍ലമെന്റിലും ഇല്ലെന്ന് പറഞ്ഞാണ് പ്രഭാ വര്‍മ താന്‍ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയത്. താന്‍ മതവിശ്വാസിയോ ദൈവ വിശ്വാസിയോ പോലുമല്ലെന്ന് പ്രഭാവര്‍മ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ, കലാ, സാഹിത്യ മേഖലയിലുള്ള പ്രമുഖര്‍ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. സംഘപരിവാറുമായി നിരന്തരം കലഹിക്കുന്ന പ്രഭാ വര്‍മ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി പ്രഭാ വര്‍മ രംഗത്തെത്തിയത്.