ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ

Update: 2021-11-22 06:27 GMT

മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രഖ്യാപിച്ചു. ഡിസംബര്‍ 6 ന് നടക്കുന്ന മഹാ ജലാഭിഷേകത്തിന് ശേഷം വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരി പറഞ്ഞു.

1992ല്‍ ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്ത ദിവസമാണ് ഹിന്ദു മഹാസഭ വിഗ്രഹം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപമുള്ള പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പ്രാദേശിക കോടതികള്‍ പരിഗണിക്കുന്ന സമയത്താണ് ഷാഹി ഈദ്ഗയ്ക്കുള്ളില്‍ ചടങ്ങുകള്‍ നടത്തുമെന്ന ഹിന്ദു മഹാസഭയുടെ ഭീഷണി.

എന്നാല്‍ 1992ലെ കര്‍സേവയും സംഘടനയുടെ മഥുര പദ്ധതിയും തമ്മില്‍ ബന്ധമില്ലെന്ന് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരി പറഞ്ഞു.

മഹാജലാഭിഷേകത്തിനായി പുണ്യനദികളില്‍ നിന്ന് വെള്ളം കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇതുവരെ രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്, എന്നാല്‍ ആത്മീയവും സാമ്പത്തികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യം ഇനിയും നേടിയിട്ടില്ല,' ചൗധരി പറഞ്ഞു.

മഥുരയിലെ മസ്ജിദ് കൂടി നിലകൊള്ളുന്ന 13.37 ഏക്കര്‍ ' കൃഷ്ണ ജന്മഭൂമി' യുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് മഥുര കോടതിയില്‍ സിവില്‍ കേസ് നിലവിലുണ്ട്. കൃഷ്ണ വിരാജ്മന്റെ പേരിലാണ് ഹരജി.

കത്ര കേശവ് ദേവിന്റെ ഓരോ ഇഞ്ച് ഭൂമിയും ശ്രീകൃഷ്ണന്റെയും ഹിന്ദു സമൂഹത്തിന്റെയും ഭക്തര്‍ക്ക് പവിത്രമാണെന്ന് ഹരജിയില്‍ പറയുന്നു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലമായ കംസ രാജാവിന്റെ തടവറ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് 'കത്ര കേശവ് ദേവ്' എന്ന് അറിയപ്പെടുന്നതെന്നും യഥാര്‍ത്ഥ ജനന സ്ഥലം നിലവിലുള്ള ക്ഷേത്രത്തിന് താഴെയാണെന്നും ഹരജിയില്‍ പറയുന്നു.

മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് മുഗള്‍ രാജാവായ ഔറംഗസീബാണെന്ന് ഹരജിയില്‍ പറയുന്നു. ഔറംഗസീബ് രാജ്യം ഭരിച്ച 1669-70 ല്‍ 'കത്ര കേശവ് ദേവി'ലെ ശ്രീകൃഷ്ണ ജന്മസ്ഥലത്ത് നില്‍ക്കുന്ന ക്ഷേത്രം തകര്‍ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു.

1989 ല്‍ രാം ലല്ല വിരാജ്മാന്റെ പേരില്‍ നല്‍കിയ സിവില്‍ കേസാണ് പിന്നീട് ബാബരി വിധിയിലേക്ക് എത്തിയത്. സമാന രീതിയില്‍ തന്നെയാണ് ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയുടെ പേരില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് ശ്രീ കൃഷ്ണ വിരാജ്മാന്റെ പേരില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഒരുഭാഗത്ത് കോടതിയില്‍ കേസ് നടത്തുന്നതിനിടേയാണ് അതിക്രമിച്ച് കയറി വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുമഹാസഭയുടെ ഭീഷണി.

Tags:    

Similar News