ഗുജറാത്തില്‍ ഹിന്ദു-മുസ്‌ലിം വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്നു; 40 പേര്‍ അറസ്റ്റില്‍

മുസ്‌ലിം ആഘോഷത്തിന്റെ ഭാഗമായി റോഡിലെ ഇലക്ട്രിക് പോസ്റ്റില്‍ കൊടി കെട്ടിയത് ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്.

Update: 2022-10-04 08:58 GMT

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഹിന്ദു-മുസ്‌ലിം വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്നു. നവമി പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ മേഖലയില്‍ ആരംഭിച്ചതിന് പിന്നാലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നേരത്തേ രാമനവമി ഘോഷയാത്രയുടെ മറവില്‍ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വ ആക്രമം അരങ്ങേറിയ മേഖലയാണ് ഇത്. തിങ്കളാഴ്ച്ച നടന്ന വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 40 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

മുസ്‌ലിം ആഘോഷത്തിന്റെ ഭാഗമായി റോഡിലെ ഇലക്ട്രിക് പോസ്റ്റില്‍ കൊടി കെട്ടിയത് ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. മുസ്‌ലിംകള്‍ കൊടി കെട്ടിയ ഇതക്ട്രിക് പോസ്റ്റിനടുത്ത് ക്ഷേത്രമുണ്ടെന്ന് പറഞ്ഞാണ് ഒക്‌ടോബര്‍ മൂന്നിന് ഗുജറാത്തിലെ സാവ്‌ലി പട്ടണത്തില്‍ ആക്രമണം അരങ്ങേറിയത് പിന്നാലെ ഇത് ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായി മാറുകയായിരുന്നു.

സംഘര്‍ഷത്തില്‍ ചേരിതിരിഞ്ഞുള്ള കല്ലേറില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പോലിസ് പറഞ്ഞു. 43 പേര്‍ക്കെതിരേയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന മോശം പ്രവൃത്തികള്‍ക്കും കേസെടുത്തതായി സാവ്‌ലി പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ഒരു സമുദായത്തില്‍ നിന്നുള്ള 25 പേരെയും മറ്റൊരു സമുദായത്തില്‍ നിന്ന് 15 പേരെയും അറസ്റ്റ് ചെയ്തതായി വഡോദര ജില്ലാ പോലിസ് മേധാവി പിആര്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ഏത് സമുദായത്തില്‍ നിന്നാണ് കൂടുതല്‍ അറസ്റ്റുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കാന്‍ തയാറായില്ല. സംഘര്‍ഷ മേഖലയില്‍ പോലിസ് പട്രോളിങ്് നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News