രാമനവമി ആഘോഷത്തിനിടെ സയ്യിദ് സലാര്‍ ഘാസി ദര്‍ഗയ്ക്ക് നേരെ ഹിന്ദുത്വ ആക്രമണം; മഖ്ബറ പൊളിച്ച് ക്ഷേത്രം നിര്‍മിക്കുമെന്ന് (വീഡിയോ)

Update: 2025-04-06 15:01 GMT

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദിലെ സയ്യിദ് സലാര്‍ മസൂദ് ഘാസി ദര്‍ഗയ്ക്ക് നേരെ രാമനവമി ആഘോഷത്തിനിടെ ഹിന്ദുത്വരുടെ ആക്രമണം. ദര്‍ഗയില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വര്‍ കാവിക്കൊടികള്‍ ഉയര്‍ത്തി. മഹാരാജ സുഹെല്‍ദേവ് സമ്മാന്‍ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്. മഖ്ബറ പൊളിച്ച് ക്ഷേത്രം നിര്‍മിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണം നടത്തരുതെന്ന് സംഭലിലെ ജില്ലാ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരുന്നു.

ഗസ്‌നവി സാമ്രാജ്യത്തിലെ സുല്‍ത്താനായിരുന്ന ഗസ്‌നിയിലെ മഹ്മൂദ് എന്ന മഹ്മൂദ് ഗസ്‌നിയുടെ അനന്തരവനും പണ്ഡിതപോരാളിയുമായിരുന്നു സയ്യിദ് സലാര്‍ മസൂദ് ഘാസി (ക്രി.ശേ 1014-1034). ഇന്നത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലെ മുസ്‌ലിംകളെ ഭരണാധികാരികള്‍ ദ്രോഹിച്ചതിനെ തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം ക്രി.ശേ 1011ല്‍ മഹ്മൂദ് ഗസ്‌നി ജനറലായ സലാര്‍ ഷാഹുവിനെ പ്രദേശത്തേക്ക് അയച്ചു. പ്രദേശത്തെ രാജാക്കന്‍മാരെ സലാര്‍ ഷാഹു പരാജയപ്പെടുത്തി. ഈ വിജയത്തെ തുടര്‍ന്ന് മഹ്മൂദ് ഗസ്‌നി തന്റെ സഹോദരിയെ സലാര്‍ ഷാഹുവിന് വിവാഹം ചെയ്തു നല്‍കി. ഈ ബന്ധത്തിലാണ് 1014 ഫെബ്രുവരി 10ന് സയ്യിദ് സലാര്‍ മസൂദ് ഘാസി ജനിച്ചത്.

അമ്മാവന്റെ കൂടെ യുദ്ധങ്ങളില്‍ പങ്കെടുത്ത സയ്യിദ് സലാര്‍ മസൂദ് ഘാസി കുട്ടിക്കാലത്ത് തന്നെ സൈനികമേഖലയില്‍ കഴിവ് തെളിയിച്ചു. മതപരമായ അറിവിന് പുറമെ സൈനികപരമായ കാര്യങ്ങളിലും അറിവുള്ളതിനാല്‍ പണ്ഡിതപോരാളിയെന്നാണ് അറിയപ്പെട്ടത്. പതിനാറാം വയസില്‍ തന്നെ സിന്ധു നദി മറികടന്ന് ഡല്‍ഹിക്ക് സമീപം എത്തി. ഡല്‍ഹി കീഴടക്കിയ ശേഷം ആറുമാസം അവിടെ കഴിഞ്ഞു. പിന്നീട് മീറത്തിലെ ജന്മിരാജാക്കന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, 1034 ജൂണ്‍ 15ന് സുഹല്‍ദേവ് എന്നയാളുടെ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സുഹല്‍ദേവിനെ സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ കമാന്‍ഡറും കൊലപ്പെടുത്തി.

Similar News