ഹിന്ദുയിസവും ഹിന്ദുത്വവും ഒന്നല്ല; പരസ്പരം വിരുദ്ധമാണെന്ന് ടീസ്റ്റാ സെതല്‍ വാദ്
മലപ്പുറം: ഹിന്ദുയിസവും ഹിന്ദുത്വവും ഒന്നല്ലെന്നും അവ രണ്ടും പരസ്പര വിരുദ്ധമാണെന്നുമുള്ള ശക്തമായ പ്രചാരണമാണ് രാജ്യത്തെ ജനങ്ങള്‍ക്കിടിയില്‍ നടത്തേണ്ടതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റാ സെതല്‍വാദ്. ജോയിന്റ് കൗണ്‍സില്‍ 54ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രമണി ജോര്‍ജ്ജ് നഗറില്‍ വനിതാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഹിന്ദുയിസം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുകയും അങ്ങേയറ്റം സഹിഷ്ണുത പരമായി പെരുമാറുകയും ചെയ്യുമ്പോള്‍ ഹിന്ദുത്വ പുറന്തള്ളലില്‍ വെറുപ്പും മുഖമുന്ത്രയാക്കിയിരിക്കുന്നു. സ്ത്രീകളെയും പിന്നാക്ക ജാതികളെയും മതന്യൂനപക്ഷങ്ങളില്‍ ഹിന്ദുത്വം അടിച്ചമര്‍ത്തുകയാണ് മത ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കണ്ട് അവര്‍ക്കെതിരേ വെറുപ്പ് നിരന്തരമായി നിര്‍മ്മിക്കുകയാണ്. ഹിന്ദുത്വത്തിന്റെ ചെയ്തികളുടെ അപകടം മനസ്സിലാക്കികൊണ്ടുത്തന്നെയായിരുന്നു ഹിന്ദുയിസത്തെ ബഹുമാനിച്ച ഗാന്ധിജി ഹിന്ദുത്വത്തെ ശക്തമായി ഏതിര്‍ത്തത്. മത നിരപേക്ഷതയെ ഹിന്ദുയിസം വിശാലമായ തലത്തില്‍ ഉള്‍ക്കൊള്ളുമ്പോള്‍ ഹിന്ദുത്വ മതരാഷ്ട്രവാതമാണ് മുന്നോട്ടുവയ്ക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് ഹിന്ദുത്വ അജണ്ടയാണ്. 2019ലെ പൗരത്വ ബില്ല് ഇതിന്റെ ഭാഗമാണ്. പാഠ്യ പദ്ധതിയില്‍ നിന്ന് ഡാര്‍വിനേയും, മുഗളന്‍മാരേയും ഗാന്ധിജിയെയുമെല്ലാം വെട്ടിമാറ്റുന്നതില്‍ അസഹിഷ്ണുതയുടെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ്. മനുസ്മൃതിയെ അടിസ്ഥാനമാക്കുന്ന ഹിന്ദുത്വ സ്ത്രീ വിരുദ്ധമാണ്. രാജ്യത്ത് ഫെഡറിലിസം ഇന്ന് നേരിടുന്ന വെല്ലുവിളി ഏറ്റവും നന്നായി മനസ്സിലാകുന്നത് കേരളീയര്‍ക്കാണ്. ജനാധ്യപത്യവും സാമൂഹിക നീതിയും വടക്കേ ഇന്ത്യയില്‍ രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വലിയ പ്രതിസന്ധിയിലാണ്. ഒളിംപിക് മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറിയ ഗുസ്തി താരങ്ങള്‍ ലൈംഗിക അതിക്രമണത്തിനെതിരേ പരിഹാരം ആവശ്യപ്പെട്ട് ദിവസങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന സമരം പോലും കാണാന്‍ ഭരണ കൂടം തയ്യാറാകുന്നില്ല. അത്രമാത്രം ദയനീയമാണ് രാജ്യത്തെ സാമൂഹ്യ നീതിയുടെ ഇന്നത്തെ അവസ്ഥ. വെറുപ്പ് ആയുധമാക്കി അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നേതൃത്വത്തില്‍ ഭരണത്തില്‍ നിന്ന് പുറത്താക്കുകമാത്രമാണ് രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ ഒരേ ഒരു അജണ്ടയെന്നും അവര്‍ പറഞ്ഞു. വനിതാ സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബിന്ദുരാജന്‍ അധ്യക്ഷത വഹിച്ചു.