'ഹിന്ദു മതത്തിന് എതിര്, ഹൈന്ദവ ജനസംഖ്യ കുറയ്ക്കും'; സ്വയം വിവാഹം കഴിക്കാനൊരുങ്ങിയ യുവതിക്കെതിരേ ബിജെപി നേതാവ്

ജൂണ്‍ 11ന് വഡോദര ഹരീശ്വര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടക്കുമെന്നും ക്ഷമ പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ മാധ്യമ ശ്രദ്ധ നേടിയത്

Update: 2022-06-04 05:55 GMT

വഡോദര: ഈ മാസം 11ന് സ്വയം വിവാഹം കഴിക്കാനുള്ള വഡോദരയിലെ 24 കാരിയായ ക്ഷമാ ബിന്ദുവിന്റെ തീരുമാനത്തിനെതിരേ ബിജെപി നേതാവ്. ഗുജറാത്തിലെ വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി സിറ്റി യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫുമായ സുനിത ശുക്ലയാണ് ശക്തമായ പ്രതികരണവുമായി മുന്നോട്ട് വന്നത്.

'ഇത്തരം വിവാഹങ്ങള്‍ ഹിന്ദുമതത്തിന് എതിരാണ്, അവള്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയാണെങ്കില്‍, അവളെ അത് ചെയ്യാന്‍ അനുവദിക്കില്ല'-സുനിത ശുക്ല പറഞ്ഞു.

ഇത്തരം വിവാഹങ്ങള്‍ ഹിന്ദു ജനസംഖ്യ കുറയ്ക്കുമെന്നും സുനിത അവകാശപ്പെട്ടു.

കല്യാണ വേദി തിരഞ്ഞെടുത്തതില്‍ തനിക്ക് എതിര്‍പ്പുണ്ട്. ഒരു ക്ഷേത്രത്തിലും അവള്‍ക്ക് വിവാഹ വേദി അനുവദിക്കില്ലെന്നും മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാല്‍ ഒരു നിയമവും നിലനില്‍ക്കില്ലെന്നും അവര്‍ ഭീഷണി മുഴക്കി.

നേരത്തെ മുന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദിയോറയും ക്ഷമക്കെതിരെ രംഗത്ത് വന്നിരുന്നു.

'ആന്നി വിത്ത് ഏന്‍ ഇ' എന്ന കനേഡിയന്‍ വെബ് സീരീസില്‍ പ്രേരണ ഉള്‍ക്കൊണ്ടാണ് ക്ഷമ സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ 11ന് വഡോദര ഹരീശ്വര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടക്കുമെന്നും ക്ഷമ പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ മാധ്യമ ശ്രദ്ധ നേടിയത്.

തനിക്കു താന്‍ മാത്രം മതിയെന്നാണ് ക്ഷമയുടെ വാദം. ഇന്ത്യ മഹാരാജ്യത്ത്തന്നെ ആത്മ സനേഹം ഉയര്‍ത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്ന് ക്ഷമ അഭിപ്രായപ്പെട്ടിരുന്നു. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്റെ വിവാഹത്തില്‍ വരനും വധുവുമെല്ലാം ഇവര്‍ തന്നെയാണ്.

'സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. അത് സ്വയം അംഗീകരിക്കല്‍ കൂടിയാണ്. ആളുകള്‍ എല്ലായ്‌പ്പോഴും അവര്‍ക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടത്. തനിക്ക് തന്നെയാണ് ഇഷ്ടം.താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു'-ക്ഷമ പറഞ്ഞു.ഇതിനാലാണ് സ്വയം വിവാഹചടങ്ങ് സംഘടിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കിയിലരുന്നു.

ചില ആളുകള്‍ക്ക് സ്വയം വിവാഹങ്ങള്‍ അപ്രസക്തമായി തോന്നാം. എന്നാല്‍ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അവര്‍ പറഞ്ഞു. വിവാഹത്തിന് മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ക്ഷമ വ്യക്തമാക്കി. ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ഗോവയില്‍ തനിക്കായി രണ്ടാഴ്ചത്തെ ഹണിമൂണും ക്ഷമ പ്ലാന്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News