മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഹിന്ദുക്കളാക്കി മതം മാറ്റാന്‍ ആഹ്വാനം; വിവാദമായതോടെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബിജെപി എംപി തേജസ്വി സൂര്യ

Update: 2021-12-27 10:50 GMT

ബംഗലൂരു: മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഹിന്ദുക്കളാക്കി മതം മാറ്റാന്‍ ആഹ്വാനം ചെയ്ത പ്രസംഗം വിവാദമായതോടെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബംഗളൂരു ബിജെപി എംപി തേജസ്വി സൂര്യ. വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിക്കുകയാണെന്ന് തേജസ്വി ട്വീറ്റ് ചെയ്തു. 'രണ്ടുദിവസം മുന്‍പ് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ നടന്ന പരിപാടിയില്‍ 'ഭാരതത്തിലെ ഹിന്ദു നവോത്ഥാനം' എന്ന വിഷയത്തില്‍ ഞാന്‍ സംസാരിച്ചിരുന്നു. എന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ ഖേദകരമെന്നോണം ഒരു അനാവശ്യ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആ പ്രസ്താവനകള്‍ ഞാന്‍ നിരുപാധികം പിന്‍വലിക്കുകയാണ്..'' തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ചു. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യലാണ് ഹിന്ദുത്വ നവോത്ഥാനത്തിനുള്ള ഏക മാര്‍ഗമെന്നായിരുന്നു വിവാദ പരാമര്‍ശം.

 ശനിയാഴ്ചയാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ പരിപാടി നടന്നത്. ''വിവിധ കാരണങ്ങളാല്‍ മതംമാറിയ ആളുകളെ സനാതന ധര്‍മത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ക്ഷേത്രങ്ങളും മഠങ്ങളും മുന്‍കൈയെടുക്കണം. പാകിസ്താനിലെ മുസ്‌ലിംകളെ കൂടി ഹിന്ദുമതത്തിലേക്ക് എത്തിക്കണം. ഇസ്‌ലാമും ക്രിസ്ത്യന്‍ മതവും കേവലം മതങ്ങളല്ല, മറിച്ച് രാഷ്ട്രീയസാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങളാണ്..'' വിവാദ പ്രസംഗത്തില്‍ തേജസ്വി സൂര്യ പറഞ്ഞു. വാളെടുത്താണ് ഈ മതങ്ങളെല്ലാം തങ്ങളുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും തേജസ്വി ആരോപിച്ചു. മതം മാറിയവരെ തിരികെക്കൊണ്ടുവരുന്നത് വര്‍ഷിക ലക്ഷ്യമായി കരുതി ഹിന്ദു ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ മതപരിവര്‍ത്തന നിയമം കൊണ്ടുവന്നതിന് പിന്നാലെ ക്രിസ്ത്യാനികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. ഇതിനിടെയാണ് തേജസ്വി സൂര്യയുടെ വിവാദപരാമര്‍ശം പുറത്തുവരുന്നത്. വിവാദമായതോടെ പരാമര്‍ശം പിന്‍വലിച്ചതായി ട്വീറ്റ് ചെയ്ത് തടിയൂരിയിരിക്കുകയാണ്.

Tags:    

Similar News