മതപരിവര്‍ത്തനം ആരോപിച്ച് യുപിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം
വാരണാസിയിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കവെ ഈ മാസം പത്തിനായിരുന്നു ആക്രമണം.
ലഖ്‌നൗ: മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കു നേരെ ഹിന്ദുത്വരുടെ ആക്രമണം.മിര്‍പൂര്‍ കാത്തലിക് മിഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപിക റോഷ്‌നിയുമാണ് ആക്രമിക്കപ്പെട്ടത്. വാരണാസിയിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കവെ ഈ മാസം പത്തിനായിരുന്നു ആക്രമണം.
അക്രമി സംഘം ഇവരുടെ അടുത്തേക്ക് വരികയും തുടര്‍ന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. പിന്നാലെ വലിച്ചിഴച്ച് അടുത്തുള്ള പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്രമണത്തിന് ഇരായ കന്യാ സ്ത്രീകള്‍ ആരോപിച്ചു. പോലിസ് സ്‌റ്റേഷനിലെത്തിയ ഇവര്‍ കന്യാ സ്ത്രീകളെ പ്രതികളാക്കി കേസെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂള്‍ അധികൃതരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ കൂടിയാലോചിച്ച ശേഷം ഇവരെ നിരുപാധികം വിട്ടയക്കുകയായിരുന്നു.
അതേസമയം, ഹിന്ദു യുവവാഹിനി സംഘടനയില്‍ നിന്നുള്ള ഭീഷണി ഭയന്ന് സംഭവത്തില്‍ പരാതി നല്‍കാന്‍ കന്യാസ്ത്രീകളും തയ്യാറായിട്ടില്ല. നേരത്തെ ത്സാന്‍സിയിലും സമാനമായി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിരുന്നു.