ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന ദാരാ സിംഗിനെ വിട്ടയക്കണമെന്ന് ഹിന്ദുത്വര്‍ (വീഡിയോ)

Update: 2022-09-23 04:59 GMT

ഭുവനേശ്വര്‍: മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്‌റ്റെയിന്‍സിന്റെയും മക്കളുടെയും ചുട്ടുകൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന ഹിന്ദുത്വവാദി ദാരാ സിംഗിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍.

1999 ജനുവരി 22 നാണ് ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ മതപ്രചാരകനായ ഗ്രഹാം സ്‌റ്റെയിന്‍സും മക്കളും ഒഡീഷയിലെ ബാരിപാഡയില്‍ വാഹനത്തില്‍ ചുട്ടുകൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് ഹിന്ദുത്വര്‍ കൊടുംക്രൂരത നടത്തിയത്. ക്രിസ്ത്യന്‍ മിഷനറിയെ കൊലപ്പെടുത്തിയ കേസിലും മുസ് ലിം വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ദാരാ സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ദാരാ സിംഗിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുത്വര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കാവിക്കൊടിയുമായെത്തിയ സംഘമാണ് ദാരാ സിംഗിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയത്.

ലോകം നടുങ്ങിയ കൊടുംക്രൂരതയ്ക്കു രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും മതവൈരത്തിന്റെ പേരില്‍ കൊലയും കൊള്ളയും രാജ്യത്ത് ഇന്നും തുടര്‍ക്കഥയാവുകയാണ്. 1999 ജനുവരി 22 നാണ് ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ മതപ്രചാരകനായ ഗ്രഹാം സ്‌റ്റെയിന്‍സും മക്കളും ഒഡീഷയിലെ ബാരിപാഡയില്‍ വാഹനത്തില്‍ ചുട്ടുകൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് ഹിന്ദുത്വര്‍ കൊടുംക്രൂരത നടത്തിയത്.

ഗ്രഹാം സ്‌റ്റെയിന്‍സ് ഒഡീഷയിലെ ദരിദ്ര ആദിവാസി സമുദായങ്ങളില്‍ 35 വര്‍ഷത്തോളം താമസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് 1999 ജനുവരി 22നു ഗ്രഹാം സ്‌റ്റെയിന്‍സ്, മക്കളായ ഫിലിപ്പ്(10), തിമോത്തി(9) എന്നിവരെ വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെ ജീവനോടെ ചുട്ടുകൊന്നത്. ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതില്‍ വ്യാപൃതനായ ഗ്രഹാം സ്‌റ്റെയിന്‍സിന് കൊല്ലപ്പെടുമ്പോള്‍ 58 വയസ്സായിരുന്നു. മികച്ച പ്രാസംഗികനായ ഇദ്ദേഹത്തിനു ഒഡിയ ഭാഷയിലും പ്രാദേശിക ഭാഷയായ സാന്താലിയിലും മികച്ച അറിവുണ്ടായിരുന്നു. പ്രസംഗത്തിലൂടെയും മറ്റും ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികള്‍ ഗ്രഹാം സ്‌റ്റെയിന്‍സിനെ ചുട്ടുകൊന്നത്. എന്നാല്‍ ആരോപണം ഗ്രഹാം സ്‌റ്റെയിന്‍സിന്റെ വിധവയായ ഗ്ലാഡിസ് സ്‌റ്റെയിന്‍സ് നിഷേധിച്ചു.

രാജ്യം നടുങ്ങിയ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയത് അന്ന് ബജറംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാ സിങാണ്. ഹിന്ദുത്വ ആള്‍ക്കൂട്ടത്തിനു നേതൃത്വം നല്‍കിയ ഇദ്ദേഹം പശു സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ആര്‍എസ്എസ്, ബിജെപി എന്നിവയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൂന്നുപേരെ കൂട്ടക്കൊല നടത്തിയതിനു വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ദാര സിങിന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി. ഒഡീഷയിലെ ഗോത്ര ജില്ലയായ മയൂര്‍ഭഞ്ചിന്റെ ആസ്ഥാനമായ ബാരിപാഡയിലായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിന്റെ പ്രവര്‍ത്തനം.

Tags:    

Similar News