ഗൗരി ലങ്കേഷ് വധക്കേസ്: എട്ട് പ്രതികള്‍ക്ക് കൂടി ജാമ്യം; സ്വീകരണം നല്‍കി ഹിന്ദുത്വര്‍
വിചാരണ നീണ്ടുപോവുന്ന സാഹചര്യത്തിലാണ് ജാമ്യം
ബെംഗളൂരു: സാമൂഹികപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലെ എട്ടു പ്രതികള്‍ക്ക് കൂടി ജാമ്യം. വിചാരണ നീണ്ടുപോവുന്ന സാഹചര്യത്തിലാണ് സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ 527 സാക്ഷികളുണ്ടെന്നും അതില്‍ 140 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂയെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം. ഇതോടെ കേസിലെ 18 പ്രതികളില്‍ 16 പേര്‍ക്കും ജാമ്യമായി. പതിനഞ്ചാം പ്രതി വികാസ് പട്ടേല്‍ എന്ന നിഹാല്‍ ഒളിവിലാണ്.
ജാമ്യത്തില്‍ ഇറങ്ങിയ രണ്ടു പ്രതികള്‍ക്ക് വിവിധ ഹിന്ദുത്വ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കര്‍ണാടകത്തിലെ വിജയപുരയിലാണ് പ്രതികള്‍ക്ക് സ്വീകരണം ഏര്‍പ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രത്തില്‍ ഇവര്‍ക്കായി പൂജയും നടത്തി. 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിയുടെ പശ്ചാത്തലത്തില്‍ ശിവജിയുടെ പ്രതിമയില്‍ പുഷ്പഹാരവും ചാര്‍ത്തി.
2017 സെപ്തംബര്‍ അഞ്ചിന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ വെസ്റ്റ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിവച്ചത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 18 പ്രതികളെയും പിടികൂടി.