''കാനത്തില്‍ ജമീല എംഎല്‍എ ക്ഷേത്രമുറ്റത്ത് നടന്നത് ആചാര ലംഘനം'' പ്രതിഷേധവുമായി ഹിന്ദുഐക്യവേദി
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഎം നേതാവുമായ കാനത്തില്‍ ജമീലയെ ക്ഷേത്രമുറ്റത്തു കൂടി നടക്കാന്‍ അനുവദിച്ചു എന്നാരോപിച്ച് ഹിന്ദു ഐക്യവേദിയുടെ പോസ്റ്റര്‍ പ്രതിഷേധം. കീഴുര്‍ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് ഹിന്ദു ഐക്യവേദി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കീഴുര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ കാനത്തില്‍ ജമീല എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കൊടിയേറ്റ ദിവസമായ ഡിസംബര്‍ പത്തിന് ഉച്ചയ്ക്കായിരുന്നു എംഎല്‍എ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ട്രസ്റ്റി അംഗങ്ങള്‍ ക്ഷണിച്ചത് പ്രകാരം ഉച്ചയ്ക്ക് സദ്യ കഴിക്കാനായി എത്തിയ എംഎല്‍എ ക്ഷേത്രമുറ്റത്തുകൂടെയാണ് ഊട്ടുപുരയിലേക്ക് പോയത്.
സംഭവത്തില്‍ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്. ''കഠിന വ്രത ശുദ്ധിക്കും താന്ത്രികക്രിയകള്‍ക്കും അതിപ്രാധാന്യമുള്ള കീഴുര്‍ വാതില്‍കാപ്പവറുടെ തിരുമുറ്റത്ത് നടത്തിയ ആചാരലംഘനത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിക്കുക, എംഎല്‍എയെ എഴുന്നള്ളിച്ച ട്രസ്റ്റി ബോര്‍ഡിന്റെ ധാര്‍ഷ്ട്യത്തിന്റെ പിന്നിലുള്ള താല്പര്യം എന്ത്'' തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
എന്നാല്‍, ഹിന്ദുഐക്യവേദി ഉന്നയിച്ച ആരോപണങ്ങളെയെല്ലാം ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് തള്ളി. തന്ത്രിയോട് അനുമതി വാങ്ങിയതിന് ശേഷമാണ് കാനത്തില്‍ ജമീലയെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ വിശദീകരിച്ചു.