ബെയ്‌റൂത്ത്: ഇസ്രായേലി അധിനിവേശത്തിന് എതിരെ സിറിയന്‍ ജനതയും ലബ്‌നാന്‍ ജനതയും ഐക്യപ്പെടണമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ഇത് ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പുകളെയും സഹായിക്കുമെന്ന് ശെയ്ഖ് നഈം ഖാസിം ടിവിയില്‍ സംപ്രേഷണം ചെയ്ത സന്ദേശത്തില്‍ പറഞ്ഞു. സിറിയയില്‍ രൂപീകരിച്ച ഭരണകൂടം വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. രാജ്യത്ത് ആഭ്യന്തര സ്ഥിരതയുണ്ടാക്കിയ ശേഷം അവര്‍ വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കും. സിറിയ ഇസ്രായേലിനെ ശത്രുരാജ്യമായി പ്രഖ്യാപിക്കുകയും അവരുമായി യാതൊരുബന്ധവും വെക്കരുതെന്നുമാണ് ഞങ്ങളുടെ നിലപാട്. ഇറാനില്‍ നിന്ന് ആയുധങ്ങള്‍ എത്തിയിരുന്ന സിറിയന്‍ റൂട്ടുകള്‍ പുതിയ സംഭവവികാസങ്ങളോടെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. പുതിയ വഴികള്‍ കണ്ടെത്താനോ ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനോ ഹിസ്ബുല്ലക്ക് കഴിയും.
ലബ്‌നാനിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതായും ശെയ്ഖ് നഈം പറഞ്ഞു. തൂഫാനുല്‍ അഖസക്കു മുമ്പ് തന്നെ അവര്‍ ആക്രമണം തുടങ്ങി. പിന്നീട് അത് തുടര്‍ന്നു. ഇസ്രായേലിന്റെ വ്യാപനവാദത്തിന് എതിരായ എല്ലാ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. ഹസന്‍ നസറുല്ല അടക്കം നിരവധി പേരെ ഹിസ്ബുല്ലക്ക് നഷ്ടപ്പെട്ടു. പേജര്‍ ആക്രമണത്തിലൂടെ വലിയ ആള്‍ നാശവും ദുരിതവും സൃഷ്ടിച്ചു. എന്നിട്ടും ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവാതെ മടങ്ങേണ്ടി വന്നു. ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ മൂലം രണ്ട് ലക്ഷം ജൂത കുടിയേറ്റക്കാര്‍ വടക്കന്‍ ഇസ്രായേലില്‍ നിന്ന് ഒഴിഞ്ഞുപോവേണ്ടി വന്നു. ലബ്‌നാനുമായി ചര്‍ച്ച നടത്താതെ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് അവര്‍ക്ക് മനസിലായെന്നും അവര്‍ പറഞ്ഞു..