ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം

Update: 2021-09-11 02:04 GMT

ഉഡുപ്പി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദു ജാഗരണ വേദികെ(എച്ച്‌ജെവി) പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ അധിക്രമിച്ച് കയറി പ്രാര്‍ത്ഥന തടസ്സപ്പെടുത്തി. സ്ത്രീകളെ അപമാനിച്ചതായും പരാതി. ഉഡുപ്പി കാര്‍ക്കളയില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന പ്രഗതി സെന്ററിലേക്കാണ് വെള്ളിയാഴ്ച്ച ഹിന്ദുത്വര്‍ അധിക്രമിച്ച് കയറി സംഘര്‍ഷം സൃഷ്ടിച്ചത്. ഭയന്ന് വിറച്ച വിശ്വാസികള്‍ക്ക് നേരെയും പ്രാര്‍ത്ഥനാ കേന്ദ്രം നടത്തിപ്പുകാര്‍ക്കെതിരേയും എച്ച്‌ജെവി പ്രവര്‍ത്തകര്‍ ഭീഷണിമുഴക്കി. സംഘര്‍ഷം രൂക്ഷമായതോടെ പോലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

പ്രഗതി സെന്ററില്‍ സ്ത്രീകളെയും കുട്ടികളെയും മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ഹിന്ദുത്വര്‍ എത്തിയത്. പ്രാര്‍ഥനാ കേന്ദ്രം അനുമതിയില്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബെനഡിക്റ്റ് എന്ന വ്യക്തിയാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്നും എച്ച്‌ജെവി പ്രവര്‍ത്തകര്‍ ആരോപിച്ചു. നിരവധി വര്‍ഷങ്ങളായി ജില്ലയില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് എച്ച്‌ജെവി നേതാവ് പ്രകാശ് കുക്കെഹള്ളി പറഞ്ഞു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പരിവര്‍ത്തനം ചെയ്‌തെന്നും പ്രകാശ് ആരോപിച്ചു.

ഈ വിഷയത്തില്‍ എച്ച്‌ജെവി വളരെക്കാലമായി പ്രതിഷേധിക്കുന്നു. ഞങ്ങള്‍ക്ക് വിശ്വസനീയമായ വിവരം ലഭിച്ചതിനാലാണ് പ്രഗതി സെന്ററിലേക്ക് അധിക്രമിച്ച് കയറിയതെന്നും പ്രകാശ് വ്യക്തമാക്കി. 'ഗണേശോത്സവം ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ പ്രാര്‍ത്ഥനയുടെ പേരില്‍ മതപരിവര്‍ത്തനത്തിന് അനുമതി ഉണ്ട്. ആളുകളെ പരിവര്‍ത്തനം ചെയ്യുന്ന ആളുകള്‍ക്ക് കൊവിഡ് നിയമങ്ങള്‍ ബാധകമല്ലേ?'. പ്രകാശ് ചോദിച്ചു.

നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലിസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആക്രമണം തുടരുമെന്നും ഹിന്ദുത്വര്‍ ഭീഷണിമുഴക്കി.

അതേസമയം, ഹിന്ദുത്വരുടെ ആരോപണം പ്രാര്‍ത്ഥനാ കേന്ദ്രം നടത്തിപ്പുകാര്‍ നിഷേധിച്ചു. 'ഞങ്ങള്‍ ഇവിടെ ആരെയും മതം മാറ്റുന്നില്ല. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്. മംഗലാപുരത്തിന്റെ മതസഭയാണ് ഈ കേന്ദ്രം നടത്തുന്നത്. ഞങ്ങള്‍ ആരെയും പരിവര്‍ത്തനം ചെയ്യില്ല. മറ്റ് മതങ്ങളില്‍പ്പെട്ട ചില ആളുകളും ഇവിടെ പ്രാര്‍ത്ഥിക്കാന്‍ വരുന്നു. ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ ഇന്ന് പ്രാര്‍ത്ഥനയ്ക്കിടെ ബഹളം വച്ചു. അവര്‍ വീഡിയോകള്‍ ചിത്രീകരിച്ചു. അവര്‍ സ്ത്രീകളെ അപമാനിച്ചു. മതപരിവര്‍ത്തനം നമ്മുടെ ജോലിയല്ല. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു'.

പ്രഗതി പ്രാര്‍ത്ഥനാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ ബെനഡിക്ട് മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദുത്വ ആക്രമണത്തിനിടെ കാര്‍ക്കള ടൗണ്‍ സ്‌റ്റേഷനില്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തിലെ അംഗങ്ങള്‍ പരാതി നല്‍കി.

Tags:    

Similar News