എച്ച്എല്‍എല്‍ കേരളത്തിന് കൈമാറില്ല; നിലപാട് ആവര്‍ത്തിച്ച് നിര്‍മല സീതാരാമന്‍
ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്‌ഐഡിസി താത്പര്യപത്രം നല്‍കിയിരുന്നു. എച്ച്എല്‍എല്ലിന്റെ കേരളത്തിലുള്ള ആസ്തികള്‍ക്കായാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.
ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ ലേലത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് കൈമാറില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടിന് മാറ്റമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്‌ഐഡിസി താത്പര്യപത്രം നല്‍കിയിരുന്നു. എച്ച്എല്‍എല്ലിന്റെ കേരളത്തിലുള്ള ആസ്തികള്‍ക്കായാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിന് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.
പൊതുമേഖലാ ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എച്ച്എല്‍എല്‍ വില്‍ക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള ഈ സ്ഥാപനം വില്‍ക്കാനുള്ള തീരുമാനത്തെ തുടക്കത്തില്‍ തന്നെ കേരളം എതിര്‍ത്തിരുന്നു.