''നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ''; അച്ചടിനിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട്...!
പത്രം നോക്കാന്‍ പോലും ആരും തയ്യാറാവുന്നില്ലെന്നതാണ് ഇത്തരമൊരു ദേഷ്യത്തോടെയുള്ള തലക്കെട്ട് നല്‍കാന്‍ കാരണമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് അധികൃതരുടെ വാദം
ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമായതോടെയും സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരത്തോടെയും കടുത്ത പ്രതിസന്ധി നേരിടുന്ന അച്ചടിമാധ്യമങ്ങള്‍ ഓരോന്നായി ലോകവ്യാപകമായി അടച്ചുപൂട്ടുകയാണല്ലോ. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച അച്ചടി നിര്‍ത്തിയ, സൗജന്യമായി വിതരണം ചെയ്തിരുന്ന വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് പത്രത്തിന്റെ തലക്കെട്ടില്‍ തന്നെ അവരുടെ പ്രതിഷേധവും അടങ്ങിയിട്ടുണ്ട്. ''നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ'' എന്നാണ് പൂര്‍ണമായും കറുത്ത നിറത്തിലുള്ള ഒന്നാംപേജില്‍ വെളുത്ത അക്ഷരങ്ങളില്‍ എഴുതിയത്. മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പത്രമായിട്ടും മൊബൈലിന്റെ കടന്നുവരവില്‍ ആരും വായിക്കാത്തതിനാലാണ് അച്ചടി നിര്‍ത്തിയത്.
പത്രം നോക്കാന്‍ പോലും ആരും തയ്യാറാവുന്നില്ലെന്നതാണ് ഇത്തരമൊരു ദേഷ്യത്തോടെയുള്ള തലക്കെട്ട് നല്‍കാന്‍ കാരണമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് അധികൃതരുടെ വാദം. 16 വര്‍ഷമായി നിലനിന്നിരുന്ന പത്രമാണ് ഒരൊറ്റ തലക്കെട്ടോടെ വ്യാഴാഴ്ച അച്ചടി നിര്‍ത്തിയത്. യാത്രയ്ക്കിടയില്‍ പെട്ടെന്ന് വായിക്കാനാവുന്നതും മറ്റു മാധ്യമങ്ങളില്‍ വരാത്തതുമായ വാര്‍ത്തകളായിരുന്നു 'എക്‌സ്പ്രസി'ല്‍ ഉണ്ടായിരുന്നത്. സൗജന്യമായി വിതരണം ചെയ്തിട്ടും ആവശ്യക്കാരില്ലെന്നും എല്ലാവരും മൊബൈലും നോക്കിയിരിപ്പാണെന്നതുമാണ് നടത്തിപ്പുകാരെ ക്ഷുഭിതരാക്കിയത്. ട്രെയിനുകളില്‍ നല്‍കുന്ന ഹൈസ്പീഡ് വൈ ഫൈ സംവിധാനവും പത്രത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ വിലയിരുത്തല്‍.