കോൺ​ഗ്രസ് ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നത് കാണുന്നത് ഭയാനകം; ആസാദിന്റെ രാജിയില്‍ ഉമർ അബ്ദുല്ല

ആസാദിന്റെ രാജിക്ക് പിന്നാലെ കശ്മീർ കോൺ​ഗ്രസിൽ നേതാക്കളുടെ രാജി തുടരുകയാണ്.

Update: 2022-08-26 13:02 GMT

ശ്രീന​ഗർ: മുതിര്‍ന്ന കോൺ​ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. രാജ്യത്തെ മഹത്തായ പാര്‍ട്ടി ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നത് കാണുന്നത് അത്യന്തം സങ്കടവും ഭയാനകവുമാണെന്ന് ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.

'ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടി വിടല്‍ തിരിച്ചടിയായിരിക്കുന്നു. അദ്ദേഹത്തിന്റെ രാജിക്കത്ത് വളരെ വേദനാജനകമാണ്. ഇന്ത്യയിലെ മഹത്തായ പാര്‍ട്ടി ഇത്തരത്തില്‍ പൊട്ടിതെറിക്കുന്നത് കാണുന്നത് സങ്കടകരവും ഭയാനകവുമാണ്.' ഉമർ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

ആസാദിന്റെ രാജിക്ക് പിന്നാലെ കശ്മീർ കോൺ​ഗ്രസിൽ നേതാക്കളുടെ രാജി തുടരുകയാണ്. നേരത്തേ മന്ത്രിമാരും എംഎൽഎമാരും ആയിരുന്ന ജിഎം സരൂരി, ഹാജി അബ്ദു‌ൽ റാഷിദ്, മുഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നീ നേതാക്കളാണു രാജിവച്ചത്. നാളേയും നിരവധി നേതാക്കൾ രാജി തുടരുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദ് അടുത്തിടെ രാജിവെച്ചിരുന്നു. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കവേയാണ് ആസാദിന്റെ അപ്രതീക്ഷിത രാജി.

Similar News