മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് ഹോട്ടല്‍ തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
രണ്ടര മാസത്തോളമായി ഹോട്ടലുകള്‍ അടഞ്ഞതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു
കോട്ടയം: ലോക്ക് ഡൗണ്‍ കാരണം സാമ്പത്തികമായി പ്രതിസന്ധിയിലാണെന്നു മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ഹോട്ടല്‍ തൊഴിലാളി തൂങ്ങി മരിച്ചു. കടുത്തുരുത്തി വെള്ളാശ്ശേരി കാശാംകാട്ടില്‍ രാജു സെബാസ്റ്റിയ(55)നാണ് മരിച്ചത്. കുടുംബ വീട്ടിലാണ് രാജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജോലിയില്ലാതായെന്നും കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ജീവിക്കാന്‍ യാതൊരു നിവൃത്തിയുമില്ലെന്നും മുഖ്യമന്ത്രിക്ക് കത്തെഴുതി പോക്കറ്റില്‍ ഇട്ടശേഷമാണ് തൂങ്ങി മരിച്ചത്. എട്ട് വര്‍ഷമായി മുട്ടുച്ചിറയിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. രണ്ടര മാസത്തോളമായി ഹോട്ടലുകള്‍ അടഞ്ഞതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.
ഭാര്യയുടെ സ്വര്‍ണം വിറ്റും കടം വാങ്ങിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറു സെന്റ് ഭൂമി വാങ്ങിയിരുന്നു. എന്നാല്‍, പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ സമര്‍പ്പിച്ചെങ്കിലും വീട് ലഭിച്ചില്ല. മങ്ങാട് അലരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാജു തിങ്കളാഴ്ച രാവിലെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള തറവാട്ടില്‍ രോഗിയായ മാതാവിനെ കാണാനെത്തിയിരുന്നു. ഇതിനുശഷം കാണാതായ ഇയാളെ അന്വേഷിച്ചപ്പോഴാണ് പൂട്ടിയിട്ട മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 14 വര്‍ഷമായി വാടക വീട്ടിലാണ് താമസം. ഭാര്യ: ഷീല. മക്കള്‍: എയ്ഞ്ചല്‍, ഇമ്മാനുവല്‍(ഇരുവരും വിദ്യാര്‍ഥികള്‍).