ന്യൂഡല്‍ഹി: ആസ്തിമൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളത് മലയാളിക്ക്. കേരളത്തില്‍ ഗ്രാമീണമേഖലയിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ കടബാധ്യത. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കഴിഞ്ഞദിവസം പുറത്തിറക്കിയ ദേശീയ കടംനിക്ഷേപ സര്‍വേഫലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
കേരളത്തില്‍ ഗ്രാമീണമേഖലയില്‍ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളില്‍ 2.33 ലക്ഷം രൂപയുമാണ് കുടുംബത്തിന്റെ ശരാശരി കടം. അതേസമയം, ഗ്രാമീണകുടുംബത്തിന്റെ ശരാശരി ആസ്തിമൂല്യം 24.78 ലക്ഷം രൂപയും നഗരകുടുംബത്തിന്റേത് 32.12 ലക്ഷം രൂപയുമാണ്. ഇതരസംസ്ഥാനങ്ങളില്‍ നഗരമേഖലയിലുള്ളവര്‍ക്കാണ് കൂടുതല്‍ കടബാധ്യത.
ആസ്തിമൂല്യത്തില്‍ പഞ്ചാബിനും ഹരിയാണയ്ക്കും പിന്നില്‍ മൂന്നാമതാണ് കേരളമെങ്കിലും കടബാധ്യതയുടെ കാര്യത്തില്‍ ഒന്നാമതാണ്.
ദേശീയതലത്തില്‍ ഗ്രാമീണകുടുംബത്തിന്റെ ശരാശരികടം 60,000 രൂപയും നഗരകുടുംബത്തിന്റേത് 1.2 ലക്ഷം രൂപയുമാണ്. ഇതിനുമുന്‍പ് 2013ല്‍ പുറത്തുവന്ന സര്‍വേയിലും മലയാളിതന്നെയായിരുന്നു കടത്തില്‍ മുന്നില്‍.
മറ്റുസംസ്ഥാനങ്ങളിലേതുപോലെ നഗരഗ്രാമീണ വ്യത്യാസമില്ലാത്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ആസ്തിമൂല്യവും ശരാശരി കടവും ഏതാണ്ട് തുല്യമാണെന്ന് പറയാമെങ്കിലും മറ്റിടങ്ങളില്‍നിന്ന് ഭിന്നമായി ഗ്രാമീണ മേഖലയിലാണ് കടം കൂടുതലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണമേഖലയില്‍ ആസ്തികടം അനുപാതം കൂടുതല്‍ കേരളത്തിലാണ് 9.7 ശതമാനം. രണ്ടാംസ്ഥാനത്തുള്ള ആന്ധ്രപ്രദേശില്‍ ഇത് 9.1 ആണ്. കേരളത്തിലെ നഗരമേഖലയില്‍ ഇത് 7.3 ശതമാനമാണ്.
2018 ജൂണ്‍ 30 അടിസ്ഥാനമായെടുത്ത് അതുവരെയുള്ള കാലത്ത് കുടുംബങ്ങളുടെ ആസ്തി, കടം, നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് സര്‍വേനടത്തിയത്. 2019 ജനുവരിക്കും ഡിസംബറിനും ഇടയിലായിരുന്നു ഇത്. മുന്‍പ് നടത്തിയ സര്‍വേയില്‍ ഭൂമി, വീട്, മറ്റ് ആസ്തികള്‍, നിക്ഷേപം, കടം മുതലായവയുടെ വിവരങ്ങള്‍മാത്രമാണ് ചോദിച്ചറിഞ്ഞിരുന്നത്. ഇക്കുറി ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ഭൂമിയുടെ ഉടമസ്ഥാവകാശം, വനിതകളുടെ പേരിലുള്ള ഭൂമി, അടുക്കളത്തോട്ടത്തിന്റെ വിസ്തീര്‍ണം, ഇന്‍ഷുറന്‍സുകളിലും പെന്‍ഷന്‍ ഫണ്ടുകളിലുമുള്ള നിക്ഷേപം, പ്രീമിയം വിവരങ്ങള്‍, പ്രതിമാസച്ചെലവ് തുടങ്ങിയവയും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.